'റിയൽ കേരള സ്റ്റോറി', 105 വയസുള്ള അബ്ദുള്ള മൗലവിയുമായി മുഖ്യമന്ത്രിയുടെ വീഡിയോ കോൾ, ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളം

Published : Aug 21, 2025, 05:19 PM IST
cm pinarayi

Synopsis

900 സേവനങ്ങൾ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാകുന്നു. സർക്കാർ സേവനങ്ങൾക്കായി ഒരാൾക്കും ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരുന്നില്ല. ഈ മാറ്റമാണ് റിയൽ കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമെന്ന ഖ്യാതി ഇനി കേരളത്തിന് സ്വന്തം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തിയത്. 105 വയസുള്ള അബ്ദുള്ള മൗലവിയുമായി മുഖ്യമന്ത്രി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന അവകാശ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കുമെന്നടക്കം മുഖ്യമന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ സാക്ഷരത നേടിയവർക്ക് സൈബർ ക്രൈമുകൾ തടയുന്നതിനുള്ള പരിശീലനം നൽകുമെന്നും പിണറായി വിജയൻ വിവരിച്ചു.

ഇൻറർനെറ്റ് അവകാശമായി പ്രഖ്യാപിക്കുക മാത്രമല്ല അത് എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ് കേരളം. കേരളത്തിൽ ഗ്രാമ - നഗര വ്യത്യാസമില്ലാതെ ഇൻറർനെറ്റ് സൗകര്യം എത്തിച്ചുകൊണ്ട് രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് സർക്കാരെന്നും പിണറായി വ്യക്തമാക്കി. 900 സേവനങ്ങൾ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാകുന്നു. സർക്കാർ സേവനങ്ങൾക്കായി ഒരാൾക്കും ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരുന്നില്ല. ഈ മാറ്റമാണ് റിയൽ കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികൾക്ക് നാട്ടിൽ വരാതെ തന്നെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു.

രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം മാറിയതിന്റെ ചരിത്ര പ്രഖ്യാപനമാണ് മുഖ്യമന്ത്രി ഇന്ന് നടത്തിയത്. ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനത്തെ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി എൽ ഡി എഫ് സർക്കാർ ആരംഭിച്ച ഡിജി - കേരള പദ്ധതിയുടെ വിജയമാണ് ഈ ഐതിഹാസിക നേട്ടത്തിലേക്ക് നയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെയും അഭിപ്രായപ്പെട്ടിരുന്നു. കേവലമായ കമ്പ്യൂട്ടർ സാക്ഷരതയ്ക്ക് ഉപരിയായി എല്ലാവരെയും സ്മാർട്ട് ഫോണുകളും ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങളും ഉപയോഗിക്കാൻ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളാണ് പദ്ധതിയോടനുബന്ധിച്ച് നടപ്പിലാക്കിയത്. ഇതുപ്രകാരം തെരഞ്ഞെടുത്ത 21,88,398 പഠിതാക്കളിൽ 21,87,667 (99.98%) പേരും ഡിജിറ്റൽ സാക്ഷരത കൈവരിച്ചിരിക്കുന്നു. പുതിയ കാലത്തിന് അനുയോജ്യമായ നൈപുണിയുള്ളവരായി ഏവരെയും മാറ്റിത്തീർക്കുക എന്ന എൽ ഡി എഫ് സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ നേട്ടമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ