
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാനുള്ള ഉത്തരവ് കോടതി സ്റ്റേ ചെയ്തതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ഹൈക്കോടതി വിധി സാമാന്യമായും എല്ലാവരും അംഗീകരിക്കേണ്ടതാണെന്നും, അത് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതി വിധി വിശദമായി പരിശോധിക്കും. വിധി കൃത്യമായി പാലിക്കാന്‍ ബാധ്യസ്ഥരാണ്. വിധിക്ക് മേല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന‍് ഇപ്പോള്‍ കഴിയില്ല. നിയമപരമായി എന്തെങ്കിലും വഴികളുണ്ടെങ്കില്‍ അത് പരിശോധിച്ച ശേഷം നടപടിയെടുക്കും.
ഗവണ്‍മെന്‍റ് തീരുമാനമെടുത്താല്‍ നിയമപരമായ പരിശോധിക്കുന്ന ഇടമാണല്ലോ കോടതി. കോടതി വിധി വന്നു, അതില്‍ തര്‍ക്കമില്ല. ഉത്തരവില്‍ വീഴ്ചയുണ്ടായോ, അപ്പീലിന് സാധ്യതയുണ്ടോ തുടങ്ങിയവയെല്ലാം വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാനാകൂ എന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
പ്രത്യേക ഉത്തരവിലൂടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അനുവദിക്കാനാകില്ലെന്നായിരുന്നു കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി, ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്.
എല്ലാവരുടെയും പിന്തുണ സർക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ശമ്പളം അവകാശമാണ്. ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞിരുന്നു.
സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് പറഞ്ഞ കോടതി, ജീവനക്കാരുടെ വേതനത്തിൽ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാൽ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam