കേന്ദ്രത്തിൽ നിന്ന് വാക്സീൻ ആവശ്യത്തിന് കിട്ടുന്നില്ല; രണ്ടാം ഡോസ് വേണ്ടവർക്ക് മുൻ​ഗണനയെന്നും മുഖ്യമന്ത്രി

By Web TeamFirst Published Apr 28, 2021, 6:00 PM IST
Highlights

ഉള്ളത് വെച്ചേ വാക്സീൻ നൽകാനാവൂ. നേരത്തെ വാക്സീൻ എടുത്തവരുണ്ട്. അവരുടെ രണ്ടാം ഡോസ് സമയത്ത് നൽകുക എന്നത് പ്രധാനമാണ്. രണ്ടാമത്തെ ഡോസ് നൽകാനുള്ള കരുതൽ കൈയ്യിൽ വേണം. ആ രീതിയിൽ വാക്സീൻ ക്രമീകരിക്കും.

തിരുവനന്തപുരം: എല്ലാവർക്കും സൗജന്യ കൊവിഡ് വാക്സീൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 18 നും 45 നും ഇടയിലുള്ളവർക്ക് രണ്ട് ഡോസ് വാക്സീൻ സൗജന്യമായി തന്നെ നൽകാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളം ഒരു കോടി ഡോസ് വാക്സീൻ വില കൊടുത്ത് വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വാക്സീൻ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡർ കൊടുക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു

വാക്സീൻ ആഗ്രഹിക്കുന്നതു  പോലെ കേരളത്തിന് ലഭിക്കുന്നില്ല. കേന്ദ്രമാണ് ഇപ്പോൾ വാക്സീൻ നൽകേണ്ടത്. അത് ആവശ്യത്തിന് ഉതകുന്ന പോലെയല്ല. ഉള്ളത് വെച്ചേ വാക്സീൻ നൽകാനാവൂ. നേരത്തെ വാക്സീൻ എടുത്തവരുണ്ട്. അവരുടെ രണ്ടാം ഡോസ് സമയത്ത് നൽകുക എന്നത് പ്രധാനമാണ്. രണ്ടാമത്തെ ഡോസ് നൽകാനുള്ള കരുതൽ കൈയ്യിൽ വേണം. ആ രീതിയിൽ വാക്സീൻ ക്രമീകരിക്കും.

കൊവിഡിന്റെ വ്യാപനം ഉണ്ടെങ്കിലും നിർമ്മാണ ജോലികൾ കൊവിഡ് മാനദണ്ഡം പാലിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകും. കേന്ദ്രസർക്കാരിന്റെ പുതിയ വാക്സീൻ നയത്തിന്റെ ഭാഗമായി 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ഉല്പാദകരിൽ നിന്ന് വാക്സീൻ സംസ്ഥാനങ്ങൾ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ്. ഈ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകണം. ഇത് പുതിയ സാഹചര്യമല്ല. ഇതേവരെ പല വാക്സീനും നൽകിയിട്ടുണ്ട്. പലതും കേന്ദ്രം നൽകിയതാണ്. അത് സൗജന്യമായാണ് സംസ്ഥാനങ്ങൾ ആളുകൾക്ക് നൽകിയത്. ഈയൊരു കാര്യത്തിൽ മാത്രം വാക്സീന് വില ഈടാക്കുന്നത് തീർത്തും അനുചിതമാണ്. ഇതെല്ലാം കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചെങ്കിലും കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല. 

വാക്സീൻ നിർമ്മാതാക്കളായ രണ്ട് സ്ഥാപനങ്ങളുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും. കൊവിഷീൽഡും കൊവാക്സിനുമാണ് ഇവർ ഉൽപ്പാദിപ്പിക്കുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് ഒരു കോടി ഡോസ് വാക്സീൻ ഈ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാനാണ് തീരുമാനം. വാക്സീൻ വിലക്ക് വാങ്ങുന്ന കാര്യം ചർച്ച ചെയ്യാനും വാങ്ങാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 70 ലക്ഷം ഡോസ് വാങ്ങാൻ 294 കോടി ചെലവാകും. 400 രൂപയാണ് ഡോസിന് അവർ ഈടാക്കുന്ന വില. പുറമെ അഞ്ച് ശതമാനം ജിഎസ്ടിയും വരും. ഭാരത് ബയോടെകിൽ നിന്ന് 600 രൂപ നിരക്കിൽ ജിഎസ്ടിയടക്കം 30 ലക്ഷം വാങ്ങാൻ 189 കോടി രൂപ ചെലവ് വരും.

18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സീൻ കൊടുക്കാവുന്ന വിധത്തിൽ വാക്സീൻ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വില ഈടാക്കി വാക്സീൻ നൽകാനാണ് കേന്ദ്രം അനുവാദം നൽകിയിരിക്കുന്നത്. കേന്ദ്രത്തിന് നൽകുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങൾക്കും വാക്സീൻ ലഭിക്കുമെന്ന് ഉറപ്പാക്കണം. വീണ്ടും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. 

click me!