അന്യസംസ്ഥാനങ്ങളിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങളില്‍ ഇടപെടണം, തൊഴില്‍ നഷ്ടമായവരെ സഹായിക്കണം: മുഖ്യമന്ത്രി

By Web TeamFirst Published Apr 27, 2020, 5:34 PM IST
Highlights

മറ്റു സംസ്ഥാനങ്ങളിലെ നഴ്സ് മാരുടെ പ്രശനത്തിൽ പ്രധാനമന്ത്രി ഇടപെടണം. ചെറു കിട വ്യാപാരികൾക്ക് രണ്ട് മുതൽ അഞ്ച് ലക്ഷം വരെ വായ്പ നൽകണം. ഈ പലിശ കേന്ദ്രം വഹിക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിലും ലോക്ക്ഡൌണിനേക്കുറിച്ചും കേരളത്തിന്‍റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു സംസ്ഥാനങ്ങളിലെ നഴ്സ് മാരുടെ പ്രശനത്തിൽ ഇടപെടണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. ആരോഗ്യ സേതു ആപ്പിൽ കേരളത്തിലെ ഡാറ്റാ പങ്കിട്ടിട്ടില്ലെന്ന വിവരം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ലോക്ക്ഡൌണിനേക്കുറിച്ച് സര്‍ക്കാരിന്‍റെ നിലപാട് കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്തുളള നാലുലക്ഷത്തിലധികം അതിഥി തൊഴിലാളികളെ ഘട്ടം ഘട്ടമായി അവരുടെ നാടുകളില്‍ എത്തിക്കാന്‍ നോണ്‍സ്റ്റോപ് ട്രെയിന്‍ വേണമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

 

കേന്ദ്രസർക്കാരിന്റെ മാനദണ്ഡം അനുസരിച്ച് ലോക്ക് ഡൗണിൽ ചില ഇളവ് വരുത്തി. ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ശ്രദ്ധാപൂർവം തീരുമാനിക്കണം എന്നും സംസ്ഥാനങ്ങളുടെ സവിശേഷത പരിഗണിക്കണമെന്നും  മെയ് 15 വരെ ഭാഗിക ലോക്ക് ഡൗൺ തുടരണം എന്നാണ് കേരളത്തിന്‍റെ ആവശ്യം. തൊട്ടുമുൻപത്തെ ആഴ്ചയിൽ കൊവിഡ് 19 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടം, പൊതുഗതാഗതം നിയന്ത്രിച്ചും ശാരീരിക അകലം പാലിച്ചു ലോക്ക് ഡൗൺ തുടരാം എന്ന് നിർദ്ദേശിച്ചു. അന്തർ ജില്ലാ- അന്തർ സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പിപിഇ കിറ്റുകളുടെ ആവശ്യം വർധിച്ചു. പരിശോധിക്കേണ്ടവരുടെ എണ്ണം വർധിക്കുന്നു. അതിനാൽ പിപിഇ കിറ്റിന്റെ സമാഹരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണം. പ്രവാസികളിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്ക് തിരികെ വരണം. സ്വന്തമായി വിമാന യാത്രാക്കൂലി വഹിക്കാൻ ബുദ്ധിമുട്ടുള്ളവരുടേത് കേന്ദ്രം വഹിക്കണമെന്ന് അഭ്യർത്ഥിച്ചു.

തൊഴിൽ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക പിന്തുണ വേണം. കേന്ദ്രം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താവുന്ന സ്കീമുകൾ രൂപീകരിക്കണം. ഈ മാസം 21-ാം തീയതി മുതൽ കേരളത്തിലെ കേസുകളുടെ എണ്ണം കൂടി വരുന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നത് തന്നെയാണ്. അതിർത്തി കടന്ന് വരുന്നവരെ കർശനമായ പരിശോധനകൾക്ക് വിധേയരാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേർത്തിരുന്നു. രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരമില്ല എന്നതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിൽ പങ്കെടുത്തത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിന് മുന്നോടിയായി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ വിളിക്കുകയും ചെയ്തു. ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ യോഗത്തിൽ നിലപാടെടുത്തത്. ഇതേ നിലപാട് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായോട് ആവർത്തിക്കുകയും ചെയ്തു
 

click me!