
തിരുവനന്തപുരം: തന്‍റെ അനുഭവത്തില്‍ ഒരു അവതാരവും തന്‍റെ ഓഫീസില്‍ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം ഒരു സാഹചര്യവും ഇന്നത്തെ നിലയ്ക്കില്ല. സ്വര്‍ണ്ണക്കള്ളക്കടത്ത് സംബന്ധിച്ചാണ് ചോദ്യം, അത് പ്രത്യേക സാഹചര്യമാണ്. അത് നടക്കാന്‍ പാടില്ല. സാധാരണ വഴിയില്‍ അല്ല അത്. ആ വാര്‍ത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചുവെന്നാണ് പറഞ്ഞത്.
എന്നാല്‍ ഞങ്ങളെ വിളിച്ചിട്ടില്ലെന്ന് അന്വേഷണ ഏജന്‍സി തന്നെ പറഞ്ഞു. ഇത് പിന്നീട് രാഷ്ട്രീയവത്കരിക്കുകയായിരുന്നു സഭ ടിവിയുടെ ആദ്യത്തെ പരിപാടിയായ 'സെന്‍റര്‍ഹാളില്‍' മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയില്‍ എംഎല്‍എ വി ഡി സതീശന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് എന്നിവരാണ് മുഖ്യമന്ത്രിയെ അഭിമുഖം ചെയ്തത്.
"
'ചിരിക്കാത്ത കാര്‍ക്കശ്യക്കാരനായി പിണറായി'
മുഖ്യമന്ത്രി ഒരു കാര്‍ക്കശ്യക്കാരനാണെന്ന് പൊതുവില്‍ കരുതുന്നു എന്നത് സംബന്ധിച്ചാണ് എംഎല്‍എ വിഡി സതീശന്‍ ചോദ്യങ്ങള്‍ ആരംഭിച്ചത്. സാധാരണ മനുഷ്യന്‍ തന്നെയാണ് ഞാന്‍. എന്നാല്‍ കര്‍ശനമായി പറയേണ്ട കാര്യങ്ങള്‍ കര്‍ശനമായി തന്നെ പറയും. ഇത്തരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വന്നപ്പോള്‍ ഉണ്ടായ പ്രതിച്ഛായയാണ് അത്.
സംസ്ഥാനതലത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമാണ് അങ്ങനെ ഒരു കാര്യം കൂടുതല്‍ മാധ്യമങ്ങളിലും മറ്റും വന്നത്. ചിരിക്കുന്ന കാര്യം പറഞ്ഞാല്‍ രണ്ട് തരത്തിലുള്ള മനുഷ്യരുണ്ട് എന്നും ചിരിച്ചുകൊണ്ടിരിക്കുന്നവരും, ആവശ്യത്തിന് ചിരിക്കുന്നവരും ഇതില്‍ രണ്ടാം വിഭാഗത്തില്‍ വരുന്നതാണ് ഞാനെന്ന് പിണറായി പറഞ്ഞു. ചെറുപ്പത്തില്‍ പ്രണയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നതായിരുന്നു ചിരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മറുപടി.
ദുരന്തങ്ങളെ നേരിട്ടപ്പോള്‍
കേരളത്തിലെ മുഖ്യമന്ത്രിമാര്‍ക്ക് നേരിടേണ്ടി വന്നതിനെക്കാള്‍ ദുരന്തങ്ങള്‍ നേരിട്ട് വന്നയാളെന്ന നിലയില്‍ ഇത് നല്‍കുന്ന പാഠങ്ങള്‍ എന്തൊക്കെ എന്നതായിരുന്നു തോമസ് ജേക്കബിന്‍റെ ചോദ്യം, മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ - നമ്മുടെ നാട് ഒരു പ്രത്യേക നാടാണ്. അത് എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഏത് ദുരന്തത്തെയും നേരിടാനുള്ള ഊര്‍ജ്ജം ലഭിക്കുന്നത് നാട്ടുകാരില്‍ നിന്ന് തന്നെയാണ്. അവര്‍ ഒറ്റക്കെട്ടയാണ് ഇത് നേരിടുന്നത്. പ്രളയഘട്ടത്തില്‍ മത്സ്യതൊഴിലാളികളും ചെറുപ്പക്കാരും ഇറങ്ങിയത് ഓര്‍ക്കണം. അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ വിഷയമായില്ല. ഇതിന്‍റെ ബാലത്തില്‍ എന്തിനെയും നേരിടാം എന്നത് തന്നെയാണ് നല്‍കുന്ന പാഠം.
കേരളത്തിന്‍റെ റീബില്‍ഡ് പദ്ധതി എന്നത് ദീര്‍ഘകാലത്തേക്കുള്ള പദ്ധതിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തുടര്‍ച്ചയായി വരുന്ന ദുരന്തങ്ങള്‍ ഇത് നടപ്പിലാക്കുന്ന വേഗത്തെ ബാധിച്ചിട്ടുണ്ട്. ഇതില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഇതിന് തടസം നില്‍ക്കുന്നു എന്നത് ശരിയല്ല. പക്ഷെ നാട്ടിലെ സിസ്റ്റത്തിന്‍റെ പ്രശ്നങ്ങള്‍ ഇതിനെ ബാധിച്ചിരിക്കാം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊവിഡിനെ നേരിടുമ്പോള്‍
കൊവിഡ് കാലം ഭരണനയത്തില്‍ തന്നെ മാറ്റം ആവശ്യമല്ലേ എന്ന ചോദ്യമാണ് വിഡി സതീശന്‍ ചോദിച്ചത്. ലോകത്ത് തന്നെ വിവിധ ഇടങ്ങളില്‍ നിന്നുള്ള മലയാളികള്‍ നാടാണ് അഭയസ്ഥാനം എന്ന് മനസിലാക്കിയ ഒരു കാലമാണ് വരാന്‍ പോകുന്നത്. അതിന് പുറമേ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം വരുത്തണം. ഒപ്പം കേരളത്തിലേക്ക് കുട്ടികള്‍ വന്ന് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. കൊവിഡിനെ നേരിടുന്ന സമയത്ത് രോഗ ബാധിതയായ നേഴ്സ് രേഷ്മ പിന്നീട് രോഗം മാറി വീണ്ടും കൊവിഡ് വാര്‍ഡില്‍ ജോലിക്കെത്തിയത് മറക്കാന്‍ കഴിയാത്ത അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവാദങ്ങള്‍, അവയെ നേരിടുമ്പോള്‍
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സൂചിപ്പിച്ച 'അവതാരം' സംബന്ധിച്ച ചോദ്യമാണ് പിന്നീട് വിഡി സതീശന്‍ ചോദിച്ചത്. അധികാര ദല്ലാളന്മാരെ നിയന്ത്രിക്കാന്‍ ജാഗ്രത കുറവുണ്ടായോ എന്നതാണ് വിഡി സതീശന്‍ ചോദിച്ചത്. എന്‍റെ അനുഭവത്തില്‍ ഇത്തരം അവതാരങ്ങള്‍ തന്‍റെ ഓഫീസില്‍ ഇടപെട്ടിട്ടില്ല. അത്തരം ഒരു സാഹചര്യവും ഇന്നത്തെ നിലയ്ക്കില്ല. സ്വര്‍ണ്ണക്കള്ളക്കടത്ത് സംബന്ധിച്ചാണ് ചോദ്യം, അത് പ്രത്യേക സാഹചര്യമാണ്. അത് നടക്കാന്‍ പാടില്ല.
സാധാരണ വഴിയില്‍ അല്ല അത്. ആ വാര്‍ത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചുവെന്നാണ് പറഞ്ഞത്. എന്നാല്‍ ഞങ്ങളെ വിളിച്ചിട്ടില്ലെന്ന് അന്വേഷണ ഏജന്‍സി തന്നെ പറഞ്ഞു. ഇത് പിന്നീട് രാഷ്ട്രീയ വത്കരിക്കുകയായിരുന്നു. അതിന്‍റെ ഭാഗമായി പ്രചരണങ്ങള്‍ നടന്നു. പിന്നീട് വിവാദ വനിതയുമായി ബന്ധമുള്ള സെക്രട്ടറി ശിവശങ്കരനെ മാറ്റി നിര്‍ത്തി. ഇത് മാത്രമേ ആ ഘട്ടത്തില്‍ ചെയ്യാന്‍ സാധിക്കൂ.
ഓഫീസിന്‍റെ കാര്യത്തില്‍ തെറ്റായ രീതി ഉണ്ടായോ, അന്നുവരെ ഉണ്ടായിരുന്നില്ല. പിന്നീട് ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അന്വേഷിച്ചപ്പോള്‍ വിവാദ വനിതയുടെ നിയമനത്തില്‍ പ്രശ്നമുണ്ടെന്ന് മനസിലാക്കി. ഇതോടെയാണ് ശിവശങ്കരനെ സസ്പെന്‍റ് ചെയ്തത്.
ഇത്തരം വിവാദങ്ങള്‍ രണ്ട് തരത്തിലുണ്ട്. രണ്ട് തരത്തില്‍ വിവാദങ്ങളുണ്ട് ഒരു തെറ്റായ കാര്യത്തിന് മുകളില്‍ ഉയര്‍ന്നുവരുന്നതും, സൃഷ്ടിക്കപ്പെടുന്നതും. ഭവനയിലൂടെ സൃഷ്ടിക്കുന്ന പ്രചരണങ്ങള്‍ എന്‍റെ കാര്യത്തില്‍ ഏറെ അനുഭവിച്ചതാണ്. അത് എനിക്ക് വിഷമം ഉണ്ടാക്കിയിട്ടില്ല. കാരണം എന്‍റെ ഭാഗത്ത് നിന്നും ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്നതിനാല്‍ കുറ്റബോധം ഉണ്ടാകില്ല. എന്തെങ്കിലും കുറ്റം ചെയ്ത കാര്യമാണ് പറയുന്നെങ്കില്‍ ആകെ ഉലഞ്ഞു പോകും.
കുറച്ച് കുറച്ച് സംസ്ഥാനത്തെ രാഷ്ട്രീയ സംസ്കാരം മാറുകയാണ്. മുന്‍പ് നേരെ നേരെ എതിര്‍ക്കും. അതില്‍ നിന്നും മാറി ഇപ്പോള്‍ കഥകള്‍ മെനഞ്ഞ്, കുടുംബത്തെ ഉള്‍പ്പെടുത്തുന്ന രീതിയാണ് ഇപ്പോള്‍. അത് മോശമായ വശമാണ് രാഷ്ട്രീയം ആ രീതിയിലേക്ക് മാറരുത്. അപ്പോഴും ഇത്തരം ഒരു വിഷയം വന്നാല്‍ അത് എന്നെ ഉലയ്ക്കില്ല. പകരം ഞാന്‍ എന്‍റെ ധര്‍മ്മം നിര്‍വഹിച്ച് മുന്നോട്ടുപോകും. അതില്‍ മാത്രമാണ് ശ്രദ്ധ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam