
കോഴിക്കോട്: കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരിൽ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ശശി തരൂരിൻ്റെ ലേഖനം സംബന്ധിച്ച വിവാദത്തിലായിരുന്നു പ്രതികരണം. നിക്ഷേപ സൗഹൃദ കാര്യത്തിൽ രാജ്യത്ത് മുൻനിരയിലാണ് കേരളമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. കോഴിക്കോട് മലയോര ഹൈവേയുടെ ആദ്യ റീച്ചായ കോടഞ്ചേരി - കക്കാടംപൊയിൽ റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ജലപാത നിർമാണം മാസങ്ങൾക്കകം പൂർത്തിയാക്കാൻ കഴിയും. ഉത്തരവാദപ്പെട്ട ചിലർ കേരളം നിക്ഷേപ സൗഹൃദം അല്ലെന്ന് പറയുന്നു. കൃത്യമായ പരിശോധനയിലൂടെയാണ് കേരളം കേന്ദ്രത്തിൻ്റെ അംഗീകാരം നേടിയത്. പത്ത് നിയമങ്ങളും ഒരുപാടധികം ചട്ടങ്ങളും മാറ്റിയാണ് രാജ്യത്ത് നിക്ഷേപ സൗഹൃദത്തിൽ കേരളം മുന്നിലെത്തിയത്. ഏതെങ്കിലും ശുപാർശയിലൂടെയല്ല കേരളം അംഗീകാരം നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ ചിലർ അതിനെ ഇകഴ്ത്തുന്നു. എൽഡിഎഫിനോട് വിരോധം കൊണ്ട് നാടിൻ്റെ ഈ മാറ്റത്തെ ഇകഴ്ത്തി കാട്ടണോ? അത് പറയുമ്പോഴാണ് വയനാട് ദുരന്തം ഓർക്കേണ്ടത്. എന്തെങ്കിലും സഹായം കിട്ടിയിട്ടില്ല. രാജ്യത്തിൻ്റെ പൊതുവായ കാര്യത്തിൽ വിവിധ കാര്യങ്ങളിൽ ഒന്നാമതാണ് കേരളം. ദുരന്തം നേരിട്ടാൽ സഹായമാണ് നൽകേണ്ടത്. തിരിച്ചടക്കാനുള്ള വായ്പയല്ല. വായ്പയായി ലഭിക്കുന്ന തുക എങ്ങനെ ഉപയോഗിക്കണം എന്നത് സർക്കാർ ആലോചിക്കും. എന്നാൽ സഹായത്തിനായി ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam