'വരാനിരിക്കുന്ന വലിയ ആപത്തിന്‍റെ ദൃഷ്ടാന്തം'; ഹിജാബ്, ഷാരുഖ് വിഷയങ്ങളിൽ വർഗീയ ശക്തികൾക്കെതിരെ മുഖ്യമന്ത്രി

Web Desk   | Asianet News
Published : Feb 09, 2022, 07:36 PM ISTUpdated : Feb 09, 2022, 07:57 PM IST
'വരാനിരിക്കുന്ന വലിയ ആപത്തിന്‍റെ ദൃഷ്ടാന്തം'; ഹിജാബ്, ഷാരുഖ് വിഷയങ്ങളിൽ വർഗീയ ശക്തികൾക്കെതിരെ മുഖ്യമന്ത്രി

Synopsis

മതനിരപേക്ഷ ശക്തികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വർഗീയ ശക്തികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാത്ത സമീപനം സ്വീകരിക്കാൻ സാധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു

തിരുവനന്തപുരം: വർഗ്ഗീയത നമ്മുടെ നാട്ടിൽ എന്തെല്ലാം ആപത്തുണ്ടാക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് ഷാരൂഖ് ഖാനെതിരായ ആക്രമണവും സ്കുളുകളിലെ ഹിജാബ് നിരോധനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). സംഘടിതമായ നീക്കമാണ് ഷാരുഖിനെതിരെയുണ്ടായതെന്നും (Shahrukh Khan) അത് വലിയ ആപത്ത് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മത നിരപേക്ഷതയുടെ വിളനിലമാകേണ്ട വിദ്യാലയങ്ങളിൽ കുട്ടികളുടെ മനസ്സിൽ വർഗ്ഗീയ വിഷം കയറ്റുന്നത് വലിയ ആപത്താണെന്നും തിരുവനന്തപുരത്ത് നടത്തിയ വാ‍ർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഇത്തരം സാഹചര്യത്തിൽ മതനിരപേക്ഷ ശക്തികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വർഗീയ ശക്തികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാത്ത സമീപനം സ്വീകരിക്കാൻ സാധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

അതീവ ഗൗരവമായി കാണേണ്ട വിഷമാണെന്നായിരുന്നു ഹിജാബ്-ഷാരുഖ് ഖാൻ വിഷയങ്ങളിലെ ചോദ്യങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി. നമ്മുടെ രാജ്യത്ത് വർഗീയത ഏതെല്ലാം തരത്തിലുള്ള ആപത്ത് സൃഷ്ടിക്കാൻ പോകുന്നുവെന്നതിന്‍റെ ദൃഷ്ടാന്തങ്ങളാണ് ഇത്. ഷാരൂഖ് ഖാൻ രഹസ്യമായിട്ടല്ല ലതാ മങ്കേഷ്കറിന്‍റെ മൃതശരീരം കാണാൻ പോയത്. ദൃശ്യങ്ങളെല്ലാം ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. വളരെ ആദരവോടെയാണ് അദ്ദേഹം അവിടെ നിന്നതെന്ന് വ്യക്തമാണ്. പക്ഷേ അതിനെപോലും എങ്ങനെ വർഗീയമായി ചിത്രീകരിക്കാൻ പറ്റുമെന്നാണ് വർഗീയത പ്രചരിപ്പിക്കാനുള്ള മാനസികാവസ്ഥയുള്ളവർ നോക്കുന്നത്. ഇതൊരു സംഘടിതമായ നീക്കത്തിന്‍റെ ഭാഗമാണ്. അതിന്‍റെ ഭാഗമായി വലിയ ആപത്താണ് ഉയർത്തികൊണ്ടുവരാൻ നോക്കുന്നത്.

സാധാരണ വിദ്യാർത്ഥികൾ അവരുടെ വിദ്യാഭ്യാസ കാലം ഏതെങ്കിലും തരത്തിലുള്ള ഭിന്നതയുടേതായ കാലമല്ലല്ലോ. ഒരേ ക്ലാസ് മുറിയിൽ എല്ലാ വിഭാഗക്കാരുമുണ്ടാകും. ഏറ്റവും വലിയ മതനിരപേക്ഷതയുടെ വിളനിലമായിട്ടല്ലേ നമ്മുടെ വിദ്യാലയങ്ങള്‍ മാറേണ്ടത്. അതിനയല്ലേ ഇപ്പോൾ അങ്ങേയറ്റത്തെ വർഗീയതയുടെ വിഷം ചീറ്റുന്ന മാനസികാവസ്ഥയുള്ള കുട്ടികളാക്കി മാറ്റാൻ ശ്രമം നടത്തുന്നത്. ചെറിയ കുട്ടികളുടെ മനസിൽ വർഗീയ വിഷം കുത്തികേറ്റിയാൽ അതെത്ര വലിയ ആപത്തായിരിക്കും. പക്ഷേ അത്തരം ആപത്തൊന്നും വ‍ർഗീയ ശക്തികൾക്ക് പ്രശ്നമല്ല. അവർക്ക് അതാണ് വേണ്ടതെന്നും നമ്മൾ കാണണം. അതിലൂടെ എത്ര കണ്ട് ഭിന്നത സൃഷ്ടിക്കാൻ സാധിക്കും എന്നാണ് അവർ നോക്കുന്നത്. ഇവിടെയാണ് മത നിരപേക്ഷ ശക്തികൾ ആകെ ജാഗ്രത പാലിക്കേണ്ടത്. ഈ വർഗീയ ശക്തികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാത്ത സമീപനം സ്വീകരിക്കാൻ സാധിക്കണം. കൂടുതൽ ജാഗ്രതയോടെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്നും ഇത്തരം സഭവങ്ങള്‍ നമ്മെ ഓർമ്മിപ്പിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള കേസ്; കെ പി ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന്, ജഡ്ജി ആശുപത്രിയിലെത്തി നടപടികൾ പൂർത്തിയാക്കും
'കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നു, മാലിന്യ പ്രശ്നമൊന്നും അല്ല മുൻഗണനയിൽ': കൊച്ചി മേയർക്കെതിരെ തോമസ് ഐസക്