യുവതലമുറ സാമൂഹ്യപ്രതിബദ്ധതയുള്ളവർ തന്നെയെന്ന് മുഖ്യമന്ത്രി; 'മറ്റ് പ്രതികരണങ്ങളെല്ലാം അടിസ്ഥാനരഹിതം'

Published : Jan 31, 2024, 08:29 PM IST
യുവതലമുറ സാമൂഹ്യപ്രതിബദ്ധതയുള്ളവർ തന്നെയെന്ന് മുഖ്യമന്ത്രി; 'മറ്റ് പ്രതികരണങ്ങളെല്ലാം അടിസ്ഥാനരഹിതം'

Synopsis

'കോവിഡ് മഹാമാരികാലത്തു ലോകത്തിനു മുന്നില്‍ അപൂര്‍വത സൃഷ്ടിക്കാന്‍ കേരളത്തിനു കഴിഞ്ഞത് യുവതലമുറയുടെ ഇടപെടലുകള്‍ കൊണ്ടാണ്.'

തിരുവനന്തപുരം: സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ സംസ്ഥാനത്തെ യുവതലമുറയില്‍ ഒരു കുറവുമുണ്ടായിട്ടില്ലെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അതു സമൂഹത്തിന്റെയാകെ പ്രതിഫലനമായി വരുത്തി തീര്‍ക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന യുവജന കമ്മിഷന്‍ 'യുവജന ശാക്തീകരണം - സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരള സമൂഹത്തിന്റെ ഏതു സാഹചര്യത്തിലും ചലനാത്മകമായി ഇടപെടുന്ന നിര്‍ണായക ഘടകമാണ് യുവജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതലമുറ പല കാര്യങ്ങളിലും പിന്നിലാണെന്ന പ്രതികരണങ്ങള്‍ പല കോണുകളില്‍ നിന്നുമുണ്ടാകുന്നുണ്ട്. വിശദമായി പരിശോധിച്ചാല്‍ അവയെല്ലാം വസ്തുതയില്ലാത്തതാണെന്നു വ്യക്തമാകും. 2018ലെ പ്രളയകാലത്തും തുടര്‍ന്നുണ്ടായ മഹാമാരിക്കാലത്തും കേരള സമൂഹത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും ഇവിടുത്തെ യുവജനങ്ങള്‍ വഹിച്ച പങ്ക് മഹത്തരമാണ്. പ്രളയ കാലത്ത് ആരുടേയും നിര്‍ദേശത്തിനു കാത്തുനില്‍ക്കാതെയാണു രക്ഷാപ്രവര്‍ത്തനത്തിന് അവര്‍ ഇറങ്ങിയത്. കോവിഡ് മഹാമാരികാലത്തു ലോകത്തിനു മുന്നില്‍ അപൂര്‍വത സൃഷ്ടിക്കാന്‍ കേരളത്തിനു കഴിഞ്ഞത് യുവതലമുറയുടെ ഇടപെടലുകള്‍ കൊണ്ടാണ്. വിവിധ മേഖലകളില്‍ പ്രയാസത്തിന്റെ ഘട്ടമുണ്ടായപ്പോഴെല്ലാം യുവതയുടെ സജീവ ഇടപെടലുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

'ഇത്തരം ഇടപെടലുകള്‍ ആവശ്യമായ അവസരങ്ങളില്‍ ഇവയില്‍ നിന്നെല്ലാം മാറി നില്‍ക്കുന്നവരുണ്ടാകാം. അവരെ ആരോഗ്യകരമായ ചിന്താപഥത്തിലേക്ക് എത്തിക്കേണ്ട ശ്രമകരമായ ദൗത്യം യുവജന കമ്മിഷന്‍ പോലുള്ളവര്‍ ഏറ്റെടുക്കണം. ലഹരിക്ക് അടിമപ്പെടുന്നവരെ അതില്‍നിന്നു പൂര്‍ണമായി പിന്തിരിപ്പിക്കാന്‍ കഴിയണം. നല്ല തോതിലുള്ള കൂട്ടായ്മ നിലനിന്നിരുന്ന സമൂഹമാണു കേരളത്തിന്റേത്. എന്നാല്‍ കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു ചില മാറ്റങ്ങള്‍ അക്കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. കൂട്ടായ്മകള്‍ക്കു കുറവുണ്ടായിട്ടുണ്ട്. കൂട്ടായ്മയുടെ ഭാഗമായിരുന്നവര്‍ വീടുകളിലേക്ക് ഒതുങ്ങി. അവിടെ നിന്ന് ഫോണും നമ്മളും എന്ന നിലയിലേക്കു ചുരുങ്ങുന്ന സ്ഥിതിയുമായിട്ടുണ്ട്. സാമൂഹ്യപ്രതിബദ്ധതയും പൊതുധാരയും കേരള സമൂഹത്തില്‍ ശക്തമാണ്. ഈ ധാരയില്‍നിന്ന് അകന്നു നില്‍ക്കുന്നവരെ അവിടേയ്ക്ക് എത്തിക്കാനുള്ള ശക്തമായ ശ്രമങ്ങളുണ്ടാകണം. പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന പൊതുബോധം സൃഷ്ടിക്കാനാകണം. സമൂഹത്തിന്റെ ഹാപ്പിനസ് എന്നതു പ്രധാനമാണ്. എത്ര സമ്പത്തുണ്ടായാലും ഹാപ്പിനസ് ഉണ്ടാകണമെന്നില്ല. മികച്ച ജീവിത സൗകര്യങ്ങളും സാഹചര്യങ്ങളുമുണ്ടാകണം. അതിനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. ലൈഫ് പദ്ധതിയിലൂടെ വീടില്ലാത്തവര്‍ക്കു വീടു നല്‍കുന്നതും ആര്‍ദ്രം പദ്ധതിയിലൂടെ മികച്ച ആരോഗ്യ സംവിധാനം രൂപപ്പെടുത്തുന്നതും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതുമെല്ലാം ഇതു ലക്ഷ്യം വച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ വാഹനിൽ ഉള്‍പ്പെടുത്തണം, അവസാന തീയതി ഫെബ്രുവരി 29' 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൾഗേറ്റ് മുതൽ ഹെഡ് ആൻഡ് ഷോൾഡേഴ്‌സ് വരെ...വനിതാദിനത്തിൽ ബഹിഷ്കരണ ആഹ്വാനം; അടുക്കളയിൽ നിന്ന് യുദ്ധം തുടങ്ങാമെന്ന് എഴുത്തുകാരി സാറാ ജോസഫ്
പശ്ചിമേഷ്യൻ യുദ്ധം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ; 'മലയാളികൾ താമസിക്കുന്ന ജിസിസി രാജ്യങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല'