കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക അതിക്രമം; സംസ്ഥാന വരുമാനത്തിൽ 57400 കോടി രൂപ കുറവ്: മുഖ്യമന്ത്രി

Published : Nov 08, 2023, 06:29 PM ISTUpdated : Nov 08, 2023, 07:13 PM IST
കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക അതിക്രമം; സംസ്ഥാന വരുമാനത്തിൽ 57400 കോടി രൂപ കുറവ്: മുഖ്യമന്ത്രി

Synopsis

സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയർത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അനാവശ്യ ചെലവ് കുറച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും വ്യക്തമാക്കി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അതി തീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 57400 കോടി രൂപയുടെ കുറവ് ഇതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിലുണ്ടായി. കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാന സർക്കാർ ക്ഷേമപദ്ധതികളിൽ നിന്ന് പിന്മാറില്ല. സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയർത്തും. അനാവശ്യ ചെലവ് കുറച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. നികുതി പിരിവ് ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.  കേന്ദ്ര സര്‍ക്കാരിന്‍റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ്   നേരിടേണ്ടിവരുന്നത്. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കുന്നതില്‍  വലിയ അധികാര നഷ്ടമാണുണ്ടായത്. നികുതി അവകാശം പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമായി ചുരുങ്ങി. ജിഎസ്ടി നിരക്കില്‍ തട്ടുകള്‍ നിശ്ചയിച്ചതും, റവന്യു നൂട്രല്‍  നിരക്ക് ഗണ്യമായി കുറച്ചതും കേരളത്തിന്‍റെ വരുമാനത്തിന് തിരിച്ചടിയായി.  ഈ വര്‍ഷം  കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്. അര്‍ഹതപ്പെട്ട വായ്പാനുമതിയില്‍ 19,000 കോടി രൂപ നിഷേധിച്ചു.  റവന്യു കമ്മി ഗ്രാന്‍റില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം ഇല്ലാതായി. 
 
ഈ പ്രശ്നങ്ങള്‍ക്കിടയിലും ക്ഷേമ പദ്ധതികളില്‍ നിന്ന് അണുവിട പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല. സൗജന്യങ്ങള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സംസ്ഥാനം അംഗീകരിക്കുന്നില്ല. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുറവും വരുത്താതെ സംസ്ഥാനത്തെ വികസന ലക്ഷ്യങ്ങളിലേക്ക് നയിക്കാനാണ് ശ്രമം. തനത് വരുമാനം ഉയര്‍ത്തിയും അതീവ ശ്രദ്ധയാര്‍ന്ന ധന മാനേജുമെന്‍റുവഴിയും ഈ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാനം. നികുതി പിരിവ് ഊര്‍ജിതപ്പെടുത്തിയും അധികച്ചെലവുകള്‍ നിയന്ത്രിച്ചും സാമ്പത്തിക ദൃഡീകരണത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിനിന്നാണ് സംസ്ഥാനത്തിന്‍റെ ധന മാനേജ്മെന്‍റ്. 
 
കഴിഞ്ഞവര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനം 23,000 കോടി വര്‍ധിപ്പിക്കാനായി. 2021-22ല്‍ തനത് നികുതി വരുമാന വര്‍ദ്ധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 23.36 ശതമാനമായി വീണ്ടും ഉയര്‍ത്തി. റവന്യുകമ്മി 0.9 ശതമാനത്തിലെത്തിച്ചു. റവന്യു കമ്മി ഒരു ശതമാനത്തില്‍ താഴേയെത്തിയത് ചരിത്രത്തില്‍ ആദ്യമാണ്. ഇതെല്ലാം ധന കമീഷന്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്‍റെ ധനദൃഡീകരണ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്.
 
കഴിഞ്ഞവര്‍ഷങ്ങളില്‍ കേരളം തനത് വരുമാന സ്രോതസുകള്‍ വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിര്‍വഹിച്ചത്. ഈവര്‍ഷവും  ചെലവിന്‍റെ 71 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്. എന്നിരുന്നാലും സംസ്ഥാനത്തിന്‍റെ ഭാവിയിലേക്കുള്ള ആലോചനകളും ആസൂത്രണവും മാറ്റി വെക്കാന്‍ കഴിയില്ല. സാംസ്കാരിക മേഖലയില്‍ ചെലവിടുന്ന പണത്തെ ധൂര്‍ത്തെന്നും അനാവശ്യമെന്നും ചിത്രീകരിക്കാനുള്ള ശ്രമം ജനാധിപത്യവും സാംസ്കാരിക ഔന്നത്യവും പുലരുന്ന നാടിന് അംഗീകരിക്കാനാവില്ല. പുസ്തകങ്ങളും ഗ്രന്ഥാലയങ്ങളും ചുട്ടുകരിക്കുന്ന രീതിയും പാരമ്പര്യവും ഫാസിസത്തിന്‍റേതാണ്. അതിന്‍റെ നേര്‍വിപരീത ദിശയില്‍ സഞ്ചരിക്കുന്നവരാണ് നാം. സാംസ്കാരിക രംഗത്തെ ഇടപെടലും നിക്ഷേപവും വരും തലമുറയോട് ചെയ്യുന്ന നീതിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ജനങ്ങള്‍ക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും അദ്ദേഹത്തിന്‍റെ ശിങ്കിടികളും'; കൊടിക്കുന്നിൽ സുരേഷിനെതിരെ പടയൊരുക്കം
ബസ് ഓടിക്കുന്നതിനിടെ വഴിയിൽ നിർത്തി; കെഎസ്ആർടിസി ഡ്രൈവറെ മണലി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി