ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി; 'കേന്ദ്രം ആളുകളെ പറ്റിക്കുന്നു'

Published : Nov 25, 2024, 08:11 PM ISTUpdated : Nov 25, 2024, 09:59 PM IST
ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി; 'കേന്ദ്രം ആളുകളെ പറ്റിക്കുന്നു'

Synopsis

ഇടതുപക്ഷവും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഒരിക്കലും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയാണെന്നും മുനമ്പം വഖഫ് പ്രശ്നത്തിൽ നാട്ടുകാർക്ക് സംരക്ഷണം നൽകുമെന്നും കിഫ്‌ബിയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം ഇടതുപക്ഷവും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഒരിക്കലും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.

ഉക്രൈൻ പ്രശ്നം പരിഹരിക്കാൻ നടന്ന മോദിക്ക് മണിപ്പൂർ പരിഹരിക്കാനായില്ല. മണിപ്പൂർ കത്തുകയാണ്. ആക്രമണങ്ങൾക്ക് മണിപ്പൂർ സർക്കാർ പരസ്യമായി നേതൃത്വം നൽകുന്നു. മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയാണ്. പിന്നിൽ ബിജെപിയും ആർഎസ്എസുമാണ്. ന്യൂനപക്ഷ സംരക്ഷണത്തിന് പകരം ദ്രോഹിക്കുന്ന നിലപാട് ആണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. വഖഫ് വസ്തുക്കൾ സംരക്ഷിക്കുക എന്നതാണ് സർക്കാർ ചെയ്യേണ്ട കടമ. ഇപ്പോൾ രാജ്യത്ത് നടക്കുന്നത് അതിനെ തകർക്കുന്ന നിലപാടാണ്. മുനമ്പം വഖഫ് പ്രശ്നത്തിൽ കേന്ദ്ര നിലപാടല്ല കേരളത്തിലേത്. ഭൂമി നേരത്തെ വഖഫ് ചെയ്തതാണ്. ആ ഭൂമി പല സാഹചര്യങ്ങളാൽ വിൽക്കപ്പെട്ടു. ഭൂമി വാങ്ങിയ സാധാരണക്കാർക്ക് സംരക്ഷണം നൽകും. ഭൂ നികുതി അടക്കാൻ നേരത്തെ സർക്കാർ സൗകര്യം ഒരുക്കി. പക്ഷെ കോടതി സ്റ്റേ ചെയ്തു. താമസക്കാർക്ക് ആശങ്കയുണ്ട്. ദശാബ്ദങ്ങളായി താമസിക്കുന്നവർക്ക് സംരക്ഷണം നൽകും. ആരെയും ഒഴിപ്പിക്കാനല്ല സർക്കാരിൻ്റെ നിലപാട്. നോട്ടീസ് നല്‍കരുതെന്ന് വഖഫ് ബോർഡിന് നിർദേശം നൽകി. നിയമപരമായ സംരക്ഷണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്.അതിനാണ് ജൂഡിഷ്യൽ കമ്മിഷൻ രൂപീകരിച്ചത്. സർക്കാർ തീരുമാനത്തെ സമരക്കാർ അംഗീകരിച്ചു. 

ചൂരൽ മല ദുരന്തം അതിതീവ്ര ദുരന്തം ആയി പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായില്ല. പ്രളയത്തിലും പ്രത്യേക സഹായം കേന്ദ്രം നൽകിയില്ല. സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിൽ എത്തി വീണ്ടും സഹായം ചോദിച്ചു. ഒന്നും സർക്കാർ ചെയ്തില്ല. ദുരന്ത നിവാരണ നിധിയിൽ നിന്നും പണം എടുക്കാമെന്നാണ് പറയുന്നത്. അത് എടുത്താൽ കേന്ദ്രം തിരികെ തരും എന്നാണ് എല്ലാവരും പറയുന്നത്. അത് ഉപയോഗിക്കണം എങ്കിൽ മാനദണ്ഡം ഉണ്ട്. അതിന് കേന്ദ്രം പണം തിരികെ തരാൻ വ്യവസ്ഥ ഇല്ല. കേന്ദ്രം കോടതിയിൽ നൽകിയത് ആളുകളെ പറ്റിക്കുന്ന നിലപാട്. ഇത് കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും അറിയിക്കും. നേരിട്ട് അറിയിക്കും, ഇതിനായി ദില്ലിയിൽ പോകും. മറ്റു സംസ്ഥാനങ്ങൾക്ക് പണം നൽകിയപ്പോൾ കേരളത്തിന് ഒന്നും തന്നില്ല. രാജ്യത്ത് എല്ലായിടത്തും ഉള്ളത് ഇന്ത്യക്കാരല്ലേ? കേരളം ഇന്ത്യക്ക് പുറത്താണോ? കേരളം യാചിക്കുകയല്ല,  ചോദിക്കുന്നത് അവകാശമാണ്. പുനരധിവാസത്തിനും കേന്ദ്ര പിന്തുണ വേണം. സർക്കാർ പ്രഖ്യാപിച്ച പുനരിധിവാസ പദ്ധതി അത് പോലെ നടപ്പാക്കും. സ്ഥലം ഏറ്റെടുപ്പിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കിഫ്‌ബിയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. കിഫ്ബി വായ്പ പരിധി സംസ്ഥാനത്തിന് കീഴിൽ വരുത്തിയത് ഇതിന്റെ ഭാഗമാണ്. നാഷണൽ ഹൈവേക്കും കിഫ്‌ബിക്കും കേന്ദ്രത്തിന് വ്യത്യസ്ത നിലപാടാണ്. ബിജെപിയും കോൺഗ്രസും രണ്ടെങ്കിലും ഒന്നായി പ്രവർത്തിക്കുകയാണ്. ഇത് തെരെഞ്ഞെടുപ്പിലും പ്രതിഫലിക്കാൻ തുടങ്ങി. നേമത്ത് നേരത്തെ ബിജെപി ജയിച്ചത് ധാരണയുടെ ഭാഗമായാണ്. തൃശൂരിൽ ബിജെപി ജയിച്ചത് ഇതേ കോൺഗ്രസുമായുള്ള ധാരണയുടെ ഭാഗമാണ്. കോൺഗ്രസ്‌ വോട്ട് ബിജെപിക്ക് ചോർന്നു. 1960ൽ കോൺഗ്രസ് പട്ടാമ്പിയിൽ ഇഎംസിനെതിരെ ജനസംഘവുമായി ചേർന്ന് പ്രവർത്തിച്ചു. പാലക്കാട്‌ എകെജി ക്കെതിരെയും ഇതേ നീക്കം നടന്നു. ഇപ്പോൾ ജമാഅത് ഇസ്ലാമിയെയും എസ്ഡിപിഐയെയും ചേർത്ത് പിടിക്കുകയാണ് കോൺഗ്രസ്. നേരത്തെ ഇടതുപക്ഷത്തെ പിന്താങ്ങിയില്ലേ എന്ന് ജമാഅത് ചോദിക്കുന്നു. അന്ന് സ്ഥാനാർഥിയെ നോക്കി പിന്തുണക്കുന്ന ശീലം ജമാഅത്തിന് ഉണ്ടായിരുന്നു. ഇടതുപക്ഷവും ജമാഅത്തുമായി ധാരണ ഉണ്ടാക്കിയിട്ടില്ല. ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? ഏത് വോട്ടിനു വേണ്ടിയും കൂട്ട് കൂടാമോയെന്നും എസ്ഡിപിഐ ആഹ്ലാദ പ്രകടനം സൂചിപ്പിച്ച് മുഖ്യമന്ത്രി ചോദിച്ചു.

മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട്‌ സിപിഎം നേരത്തെ മൂന്നാം സ്ഥാനത്താണ്. ചേലക്കരയിൽ എല്ലാ സന്നാഹവും ഒരുക്കി. എന്നിട്ട് എന്തായി, 2016 ലേക്കാൾ വോട്ട് നേടി. എൽഡിഎഫ് വോട്ട് കൂടുതൽ നേടി. ചേലക്കരയിൽ ആരുടെ വിജയം? ചേലക്കരയിൽ നേടിയത് ചേലുള്ള വിജയമാണ്. ജനങ്ങൾ സർക്കാറിനൊപ്പം എന്ന് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഉപതെരഞ്ഞെടുപ്പിലേതെന്നും അദ്ദേഹം പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല