
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പുതിയ കൊവിഡ് വാക്സീൻ നയം സംസ്ഥാനത്തിന് പ്രതികൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്സിനേഷൻ ഒട്ടും തന്നെ പാഴാക്കാതെ വേഗത്തിൽ വിതരണം ചെയ്ത സംസ്ഥാനമാണ് കേരളം. പക്ഷേ, ഇപ്പോൾ വാക്സീൻ ക്ഷാമം രൂക്ഷമാണ്. കേന്ദ്രത്തിന് 150 രൂപക്ക് കിട്ടുന്ന കൊവിഷീൽഡ് വാക്സിൻ 400 രൂപക്കാണ് സംസ്ഥാനത്തിന് നൽകുന്നത്. ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിലവിൽ 219.22 മെട്രിക് ടൺ ഓക്സിജൻ ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട് എന്നും അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ...
വാക്സീനേഷൻ പരമാവധി പേർക്ക് വേഗത്തിൽ നൽകുക എന്നതാണ് പ്രധാനം. 225976 ഡോസ് വാക്സീനാണ് ഇതുവരെ സംസ്ഥാനത്ത് വിതരണം ചെയ്തത്. വാക്സീൻ ദൗർലഭ്യം പ്രധാന പ്രശ്നമാണ്. ഇത് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് പ്രതിവിധി ഉണ്ടാകണം. കേന്ദ്രസർക്കാരിന്റെ വാക്സിനേഷൻ പോളിസി കേരളമടക്കമുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചു. 50 ശതമാനം വാക്സീനേ കേന്ദ്രസർക്കാരിന് നൽകേണ്ടതുള്ളൂ. അവശേഷിക്കുന്നത് പൊതുവിപണിയിലേക്ക് മാറ്റാം. കൊവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് അധിക ബാധ്യത പ്രയാസമുണ്ടാക്കും.
കേന്ദ്രത്തിന് 150 രൂപയ്ക്ക് കിട്ടുന്ന വാക്സീൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്ക് വിൽക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. വാക്സീൻ വില ഉയർന്നാൽ സംസ്ഥാനങ്ങൾ വലിയ പ്രതിസന്ധിയിലാവും. 45 വയസിന് മുകളിലെ 1.13 കോടി ആളുകൾക്ക് മെയ് 20 നുള്ളിൽ വാക്സീൻ നൽകണമെങ്കിൽ ദിവസവും രണ്ടര ലക്ഷം പേർക്ക് വാക്സീൻ നൽകാനാണ് തീരുമാനിച്ചത്. ഇനി ദിവസേന 3.70 ലക്ഷം പേർക്ക് കൊടുത്താലേ ആ ലക്ഷ്യത്തിലെത്താനാവൂ.
വാക്സീൻ ഉൽപ്പാദനം വർധിപ്പിക്കാനും ശ്രമിക്കണം. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകരുത്. ആരോഗ്യ പരിപാലനം നിലനിർത്തുന്നതിന് സംസ്ഥാനങ്ങൾക്ക് വാക്സീൻ സൗജന്യമായി നൽകണം. കൊവിഡ് മഹാമാരി നിയന്ത്രിക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം. പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാൻ തള്ളിവിടരുത്. കേന്ദ്രവും സംസ്ഥാനങ്ങളും അടങ്ങുന്ന സർക്കാർ ചാനലാണ് വേണ്ടത്. വാക്സീൻ കിട്ടാതെ സർക്കാർ നേരിടുന്ന പ്രയാസവും മനസിലാക്കണം. 50 ലക്ഷം ഡോസാണ് കേരളം ആവശ്യപ്പെട്ടത്. അഞ്ചര ലക്ഷം ഡോസാണ് ലഭിച്ചത്. ബാക്കി വാക്സീൻ അടിയന്തിരമായി ലഭ്യമാക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam