
തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മിൽ പാലക്കാട് അടക്കം പത്ത് മണ്ഡലങ്ങളിൽ ഡീൽ ഉണ്ടെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോലിബീ സഖ്യം അടക്കമുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മറുപടി. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രമുള്ളത് കോണ്‍ഗ്രസിനാണെന്നും 2016ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോണ്‍ഗ്രസാണെന്നും പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. കോണ്‍ഗ്രസ് വോട്ടിന് ഇടിവുണ്ടായെന്നും നേമത്തെ അന്നത്തെ ബിജെപിയുടെ ജയം ഡീലിന്‍റെ ഭാഗമാണെന്നും പിണറായി ആരോപിച്ചു. മറ്റൊരു നേതാവിന് ജയിക്കാൻ ഉണ്ടാക്കിയ ഡീലായിരുന്നു അത്. രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീമാണ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പടക്കം പൊട്ടിച്ചു.ദില്ലിയിൽ ശക്തമായി എ എ പിയെ എതിർത്തു. ഫലത്തിൽ ബി ജെ പിയുടെ ബി ടീമായി കോൺഗ്രസ് ദില്ലിയിൽ പ്രവർത്തിച്ചു. ബി ജെ പിയെ എതിർക്കാൻ പലയിടത്തും ഒറ്റയ്ക്ക് പാർട്ടികൾക്ക് ശേഷിയില്ല. എല്ലാവരെയും ഒന്നിപ്പിച്ച് നിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നില്ല. ഇപ്പോഴത്തെ ഡീൽ ആരാപണവും ഏശില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഡീൽ ഉണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവരുടെ ആരോപണം. പത്തോളം സീറ്റിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഡീല്‍ ഉണ്ടെന്നും ഇന്നലെ വിഡി സതീശൻ ആരോപിച്ചിരുന്നു. എന്നാൽ, ഡീൽ ആരോപണം വെറും നാണംക്കെട്ട പ്രചാരണത്തിന്‍റെ ഭാഗമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി. ഇതിനിടെയാണ് ഇക്കാര്യത്തിൽ പിണറായി വിജയനും മറുപടിയുമായി രംഗത്തെത്തിയത്.
കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്നും ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വർഗീയതയെ കൂട്ട് പിടിച്ച് പ്രതിപക്ഷം അസത്യപ്രചരണം നടത്തുകയാണ്. പ്രകടന പത്രിക ചവറ്റുകൊട്ടയിലെറിയുന്ന സംസ്കാരം ഇന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങൾ യുഡിഎഫ് കാലത്ത് തകർന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശബരിമലയിൽ സര്‍ക്കാരിന്‍റേത് കൃത്യതയോടെയുള്ള നിലപാടാണ്. ശബരിമല പ്രചാരണ വിഷയമാക്കണോയെന്ന് പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. പ്രചാരണ വിഷയമാക്കിയാലും എൽഡിഎഫിനെ ബാധിക്കില്ല. എസ് ഐടി അന്വേഷണത്തിൽ ബാഹ്യ ഇടപെടലില്ലെന്ന് ഹൈക്കോടതി പറഞ്ഞെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam