ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീ ശക്തി പുരസ്കാരം കെകെ ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

By Web TeamFirst Published Aug 26, 2019, 12:00 PM IST
Highlights

പുരസ്കാര തുകയായി ലഭിച്ച ഒരു ലക്ഷം രൂപ വേദിയില്‍ വച്ചു തന്നെ ശൈലജ ടീച്ചര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്കാരം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരദാനം നിർവ്വഹിച്ചത്. 

തിരുവനന്തപുരം ടാഗോർ ഹാളിലെ പ്രൗഢഗംഭീരമായി സദസ്സിനെ സാക്ഷി നിര്‍ത്തിയായിരുന്നു പുരസ്കാരം ദാനം. പുരസ്കാര തുകയായി ലഭിച്ച ഒരു ലക്ഷം രൂപ വേദിയില്‍ വച്ചു തന്നെ ശൈലജ ടീച്ചര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. 

നിപ പ്രതിരോധപ്രവർത്തനത്തിലെ മികവ് കണക്കിലെടുത്താണ് എട്ടാമത് സ്ത്രീശക്തി പുരസ്കാരത്തിനായി ഏഷ്യാനെറ്റ് ന്യൂസ് കെ കെ ശൈലജ ടീച്ചറെ തെരഞ്ഞെടുത്തത്. കോഴിക്കോട് മരണഭീതി വിതച്ചു കൊണ്ട പടർന്ന നിപ എന്ന അപരിചിത രോഗത്തെ കീഴ്പ്പെടുത്തുക എന്നത് ഏറെ ശ്രമകരമായ ദൗത്യം ഏറ്റെടുത്ത ശൈലജ ടീച്ചര്‍  പ്രതിരോധപ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാനും ഏകോപിപ്പിച്ചു നടപ്പിലാക്കാനും മുഴുവൻ സമയവും മുന്നിൽ നിന്നു.

 നിപയെ  പക്വതയോടെ നേരിട്ട്, പടിപടിയായി കീഴടക്കിയ കേരള മാതൃക ആഗോള തലത്തിൽ തന്നെ ശ്രദ്ധനേടി.  ആരോഗ്യമന്ത്രിയെന്ന നിലയിലുളള കെ കെ ശൈലജയുടെ നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ എതിരാളികളുടെ പോലും കയ്യടി കിട്ടി.  

ഭരണരംഗത്തെ മികലിലൂടെയും മനുഷ്യത്വപരമായ ഇടപെടലുകളിലൂടെയും നിരവധി  തവണ കെ കെ ശൈലജ വാർത്തകളിൽ ഇടംപിടിച്ചു. ആ നല്ല മാതൃകയ്ക്കുളള അംഗീകാരമാണ് സ്ത്രീശക്തി പുരസ്കാരവും .ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം .

നിപയെ കീഴടക്കുന്നതില്‍ കെകെ ശൈലജ ടീച്ചറുടെ നേതൃത്വം നിര്‍ണായകമായെന്ന് പ്രശംസിച്ച മുഖ്യമന്ത്രി നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവത്യാഗം ചെയ്ത സിസ്റ്റര്‍ ലിനിയെ ഈ ഘട്ടത്തില്‍ ഓര്‍ക്കാതെ വയ്യെന്ന് പറഞ്ഞു. 

മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടർ & ബിസിനസ്സ് ഹെഡ് ഫ്രാങ്ക് പി തോമസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. 

click me!