സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ; തിരുവനന്തപുരം മെഡി.കോളേജിൽ കിടത്തി ചികിത്സ ആരംഭിച്ചു

By Web TeamFirst Published Dec 8, 2020, 4:43 PM IST
Highlights


സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി സംഘം രവീന്ദ്രനോട് വ്യാഴാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. 

തിരുവനന്തപുരം: വ്യാഴാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാക്കേണ്ട മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കിടത്തി ചികിത്സയ്ക്കായി രവീന്ദ്രനെ പ്രവേശിപ്പിച്ചത്. 

കൊവിഡ് മുക്തനായ ശേഷം തനിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് സി.എം.രവീന്ദ്രൻ പറയുന്നത്. തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്നങ്ങൾ ഉള്ളതിനാൽ രവീന്ദ്രനെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ രവീന്ദ്രനുണ്ടെന്നാണ് സൂചന. 

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി സംഘം രവീന്ദ്രനോട് വ്യാഴാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. മൂന്നാം തവണയാണ് ഇഡി രവീന്ദ്രന് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത്. ഒക്ടോബറിൽ ആദ്യമായി നോട്ടീസ് നൽകിയതിന് പന്നാലെ രവീന്ദ്രൻ കൊവിഡ് പൊസീറ്റീവായി ക്വാറൻ്റൈനിൽ പ്രവേശിച്ചു. 

പിന്നീട് കൊവിഡ് മുക്തനായി ആശുപത്രി വിട്ട അദ്ദേഹത്തിന് രണ്ടാമത്തും ഇഡി നോട്ടീസ് നൽകിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. ഇതിനു പിന്നാലെ വടകരയിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളിലും ഇഡി സംഘമെത്തി റെയ്ഡ് നടത്തിയിരുന്നു.

ഊരാളുങ്കൽ ലേബർ കോർപ്പറേഷനിനും  രവീന്ദ്രനുമായുള്ള ബന്ധത്തെക്കുറിച്ചും ഇഡി അന്വേഷിച്ചു. ഏറ്റവും ഒടുവിൽ രവീന്ദ്രൻ്റേയും ഭാര്യയുടേയും പേരിലുള്ള സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനേയും ഇഡി സമീപിച്ചിരുന്നു. 

click me!