മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടി സി.എം.രവീന്ദ്രൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി

By Asianet MalayalamFirst Published Nov 27, 2020, 5:31 PM IST
Highlights

കൊവിഡാനന്തര ചികില്‍സകള്‍ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രവീന്ദ്രന് വിദഗ്ധ ചികിൽസ ആവശ്യമാണെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇന്നലെ ഇ.ഡിക്ക് മെഡിക്കല്‍ രേഖകള്‍ കൈമാറിയിരുന്നു. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി. കൊവിഡാനന്തര ചികിത്സകൾക്കായി ബുധനാഴ്ചയാണ് സി.എം.രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായത്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി സംഘം രവീന്ദ്രനോട് ഇന്ന് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. 

കൊവിഡാനന്തര ചികില്‍സകള്‍ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രവീന്ദ്രന് വിദഗ്ധ ചികിൽസ ആവശ്യമാണെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇന്നലെ ഇ.ഡിക്ക് മെഡിക്കല്‍ രേഖകള്‍ കൈമാറിയിരുന്നു. രവീന്ദ്രൻ ആശുപത്രി വിട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് ചോദ്യം ചെയ്യല്ലിന് ഹാജരാവാനുള്ള നോട്ടീസ് ഇഡി വീണ്ടും നൽകുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്ന കാര്യം. ആദ്യം നോട്ടീസ് നൽകിയതിന് പിന്നാലെയാണ് രവീന്ദ്രൻ കൊവിഡ് പൊസിറ്റീവായത്. ആഴ്ചകളോളം ക്വാറൻ്റൈനിൽ കഴിഞ്ഞ അദ്ദേഹം പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നു. 

സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരാകാൻ ബുധനാഴ്ച നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം.രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്. കൊവിഡാന്തര പ്രശ്നങ്ങള്‍ മൂലം ശ്വാസതടസം ഉണ്ടാകുന്നുവെന്നാണ് രവീന്ദ്രൻ ഡോക്ടർമാരെ അറിയിച്ചത്. 

പരിശോധനയില്‍ രക്തത്തിലെ ഓക്സിജന്‍റെ അളവില്‍ ചെറിയ വ്യതിയാനം കണ്ടെത്തിയെന്നും ഇതിന്‍റെ ചികിത്സയ്ക്കായി സ്റ്റിറോയ്ഡ് നൽകിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ചികില്‍സ തുടങ്ങണമെങ്കില്‍ എക്സ്റേ , സിടി സ്കാനിങ് അടക്കം വിദഗ്ധ പരിശോധനകൾ നടത്തണം. അതിനാൽ താൽകാലികമായി കിടത്തി ചികിത്സിക്കേണ്ടി വരുമെന്ന് ഡോക്ടർമാർ ഇഡിയെ അറിയിച്ചിരുന്നു. അതേസമയം രവീന്ദ്രന്‍റെ അസുഖത്തിന്‍റെ കാര്യത്തില്‍ സംശയമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചിരുന്നു. 

click me!