എഡിജിപി അജിത് കുമാറിനെതിരെ എഡിജിപി പി വിജയൻ്റെ പരാതി; മുഖ്യമന്ത്രിക്ക് നൽകിയത് ഒന്നര മാസം മുൻപ്, നടപടിയില്ല!

Published : Jan 26, 2025, 05:42 AM ISTUpdated : Jan 26, 2025, 06:00 AM IST
എഡിജിപി അജിത് കുമാറിനെതിരെ എഡിജിപി പി വിജയൻ്റെ പരാതി; മുഖ്യമന്ത്രിക്ക് നൽകിയത് ഒന്നര മാസം മുൻപ്, നടപടിയില്ല!

Synopsis

തനിക്കെതിരെ ഉന്നയിച്ച വ്യാജ മൊഴിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് എഡിജിപി പി വിജയൻ നൽകിയ പരാതിയിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ല

തിരുവനന്തപുരം: തനിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് വ്യാജ മൊഴി നൽകിയ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജന്‍സ് മേധാവി പി.വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ തുട‍ർ നടപടിയില്ല. ഡിജിപിക്ക് നൽകിയ മൊഴിയിലായിരുന്നു കരിപ്പൂർ സ്വർണ കടത്തിൽ പി.വിജയന് പങ്കുണ്ടെന്ന് എംആർ അജിത് കുമാർ ആരോപണം ഉന്നയിച്ചത്. ഒന്നര മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ഈ പരാതിയിൽ യാതൊരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല. അന്വേഷണം നടത്താൻ പോലും തയ്യാറായിട്ടില്ല.

പി.വി.അൻവ‍ർ സ്വർണക്കടത്തിൽ പൊലീസ് പങ്ക് ആരോപിച്ച് പരാതിയിലെ അന്വേഷണത്തിൽ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് എഡിജിപി എം.ആർ.അജിത് കുമാർ ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. തീവ്രവാദ വിരുദ്ധ സേനയുടെ ചുമതലയുണ്ടായിരുന്നപ്പോള്‍ പി.വിജയന് സ്വർണ കടത്തു സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു മൊഴി. മലപ്പുറം മുൻ എസ്പി സുജിത് ദാസ് പറഞ്ഞ വിവരമെന്നായിരുന്നു അജിത് കുമാർ നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. ഇക്കാര്യം വാർത്തയും വൻ വിവാദവുമായി മാറിയിരുന്നു.

എന്നാൽ ഉന്നത ഉദ്യോഗസ്ഥൻെറ ഈ നിലപാട് മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസ് തള്ളിയിരുന്നു. പി.വിജയന് ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസ് പരസ്യമാക്കുകയും ചെയ്തതോടെയാണ് അജിത് കുമാർ വെട്ടിലായത്. വ്യാജ മൊഴി നൽകിയ അജിത് കുമാറിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടാണ് പി.വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഒന്നര മാസം കഴിഞ്ഞിട്ടും ഇതിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. 

ഇതിനിടെ തൻെറ മൊഴി സുജിത് ദാസ് തന്ന വിവരത്തിൻെറ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടികാട്ടി എം.ആർ.അജിത് കുമാർ വീണ്ടും ഡിജിപിക്ക് കത്ത് നൽകിയിരുന്നു. സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ഡിജിപിയോട് നിർദ്ദേശിച്ചാലോ, നിയമനടപടിയുമായി മുന്നോട്ടുപോകാൻ പി.വിജയന് അനുമതി നൽകിയാലോ അജിത് കുമാറിന് കുരുക്കാവും. സുജിത് ദാസ് മൊഴി നൽകിയതിന് തെളിവില്ലെന്ന് മാത്രമല്ല, അന്വേഷണത്തിൽ സുജിത് ദാസ് മുൻ ക്രമമാധാനചുമതലയുള്ള എഡിജിപിയെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും തള്ളി പറഞ്ഞാൽ പി.വിജയന് നിയമ നടപടിയുമായി മുന്നോട്ടുപോകാം. അജിത് കുമാറിന് ഇത് കുരുക്കാവുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സർക്കാർ തീരുമാനമെടുക്കാത്തതെന്ന് ആക്ഷേപം സേനയിൽ തന്നെയുണ്ട്. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് മറ്റെല്ലാ അന്വേഷണങ്ങളും അനുകൂലമായി തീർക്കാനുള്ള ധൃതിപ്പെട്ടുള്ള നീക്കമാണ് നടക്കുന്നത്. അതിനിടെ പുതിയ അന്വേഷണമുണ്ടാൽ അതും കുരുക്കാവും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത് ഉപാധികളില്ലാതെ; ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നത് മാധ്യമ സൃഷ്ടിയാണെന്ന് സാബു ജേക്കബ്
ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും