കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമെന്ന് മുഖ്യമന്ത്രി, ഇനി കർശന നിലപാടെന്നും മുന്നറിയിപ്പ്

By Web TeamFirst Published Aug 3, 2020, 12:00 PM IST
Highlights

രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ അലംഭാവം ഉണ്ടായി. ഇക്കാര്യത്തിൽ പരാതികൾ ഉയർന്നാൽ ഇനി കർക്കശ നിലപാട് സ്വീകരിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ എല്ലാവരുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായെന്ന് കടുത്ത വിമർശനവുമായി മുഖ്യമന്ത്രി.  വിട്ടുവീഴ്ച്ച അനുവദിക്കില്ലെന്നും, പരാതികളുയർന്നാൽ കർക്കശ നടപടികളിലേക്ക് പോകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.  ആരോഗ്യമന്ത്രിയടക്കം പങ്കെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനവും മുന്നറിയിപ്പും.

ആരോഗ്യവകുപ്പ് മന്ത്രി, സെക്രട്ടറി, മറ്റ് വകുപ്പു മന്ത്രിമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.  കോവിഡ് അവലോകന യോഗങ്ങൾക്കപ്പുറത്ത് മുഖ്യമന്ത്രി പൊതുവേദിയിൽ പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചയിൽ വിമർശനമുന്നയിക്കുന്നത് ഇതാദ്യമായാണ്.

കർശന ക്വറന്റീൻ, സാാമൂഹിക അകലം എന്നിവ പാലിക്കുന്നതിൽ ഗൗരവം കുറയാനിടയാക്കിയത് പല കാരണങ്ങൾ. ഗൗരവം കുറച്ചു കാണുന്നതിന് കാരണമായ തെറ്റായ സന്ദേശം ജനങ്ങളിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.  നേരത്തെ ട്രിപ്പിൾ ലോക്ക് ഡൗണിനിടയിലും തിരുവനന്തപുരത്തെ രോഗവ്യാപനം നാണക്കേടായെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തിൽ പറഞ്ഞിരുന്നു.  

നിയമലംഘനങ്ങൾ കണ്ടെത്തി തടയുന്നതിൽ വീഴ്ച്ചയുണ്ടായെന്നും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ലോക്ക് ഡൗണിനിടയിലും തീരദേശത്തിന് പുറമെ തിരുവനന്തപുരത്തെ ബണ്ട് കോളനിയിലടക്കം രോഗവ്യാപനം തുടരുകയുമാണ്. പ്രതിരോധം പാളിയെന്നു പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി തന്നെ കടുത്ത വാക്കുകകളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.

click me!