
മൂവാറ്റുപുഴ: പ്രളയദുരിതബാധിതർക്കായി പ്രേക്ഷക സഹകരണത്തോടെ ഏഷ്യാനെറ്റ് ന്യൂസ് നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം മൂവാറ്റുപുഴയിൽ ഇന്ന് നടക്കും. വൈകിട്ട് നാലിന് കബനി പാലസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ ദാനം നിർവഹിക്കും. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി സംസ്ഥാന സർക്കാർ സഹകരണത്തോടെയാണ് വീടുകളുടെ നിർമാണം ഏഷ്യാനെറ്റ് ന്യൂസ് പൂർത്തിയാക്കിയത്.
2018ലെ പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് അതിജീവനത്തിനൊരു കൈത്താങ്ങുമായിട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നിട്ടിറങ്ങിയത്. ലോകമെമ്പാടുമുള്ള ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരുടെ സഹകരണത്തോടെയാണ് വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. മൂവാറ്റുപുഴ താലൂക്കിലെ ആരക്കുഴയിലും കോതമംഗലം താലൂക്കിലെ കടവൂരിലുമാണ് വീടുകള്‍ നിർമിച്ചത്. സ്വന്തമായി വീടും ഭൂമിയുമില്ലാത്തവരെ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതിക്കായി സംസ്ഥാന സർക്കാരാണ് ഭൂമി നൽകിയത്.
ക്ലസ്റ്റർ രീതിയിൽ നിർമിച്ചിരിക്കുന്ന വീടുകളിൽ പൊതു ഇടങ്ങൾക്കായി കൂടുതൽ സ്ഥലം നീക്കിവെച്ചിട്ടുണ്ട്. കുടിവെളളത്തിനായി കുഴൽ കിണറുകളും ഓരോ വീടുകൾക്കും പ്രത്യേകം വാട്ടർ ടാങ്കുകളും അടക്കം വിപുലമായ ജല വിതരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ മുൻനിര പാർപ്പിട നിർമാണ കന്പനിയായ എംഫാര്‍ ഗ്രൂപ്പാണ് വീടുകളുടെ ഡിസൈനും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് 4-ന് മൂവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് ചെയർമാൻ കെ മാധവൻ അധ്യക്ഷത വഹിക്കും. പ്രേക്ഷകരിൽനിന്ന് സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഒരു കോടി 46 ലക്ഷം രൂപയ്ക്കു പുറമേ ഒരു കോടി രൂപ കൂടി ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറും.
ഡീൻ കുര്യാക്കോസ് എം പി, എം എൽ എ മാരായ എൽദോ എബ്രഹാം, ആന്‍റണി ജോൺ , തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, എറണാകുളം ജില്ലാ കല്കടർ എസ് സുഹാസ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റർ എംജി രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുക്കും. അതിജീവനത്തിന് കൈത്താങ്ങായി ഏഷ്യാനെറ്റ് ന്യൂസിനൊപ്പം ചേർന്ന പ്രിയ പ്രേക്ഷകർക്കും ചടങ്ങിലേക്ക് സഹർഷം സ്വാഗതം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam