ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ചത് ഒരു കോടി, പങ്കാളികളാകണമെന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനം

By Web TeamFirst Published Apr 23, 2021, 6:29 PM IST
Highlights

സിഎംഡിആർഎഫിലേക്ക് ഇന്നലെ മുതൽ സംഭാവനകൾ പ്രവഹിക്കുകയാണ്. ലോകത്തിന് മാതൃകയായ ജനത ആരുടെയും ആഹ്വാനം അനുസരിച്ചല്ല, മറിച്ച് സ്വയമേ മുന്നോട്ട് വന്നാണ് സംഭാവനകൾ നൽകുന്നത്.

തിരുവനന്തപുരം: വാക്സീൻ വാങ്ങുന്നതിനായി ജനം നൽകുന്ന തുക സംഭരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കുമെന്ന് പിണറായി വിജയൻ. ഇങ്ങനെ ലഭിക്കുന്ന തുക വാക്സീനേഷന് വേണ്ടി മാത്രം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിസന്ധി ഘട്ടത്തിൽ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും ഒത്തൊരുമിക്കുന്ന ജനതയാണിത്. സിഎംഡിആർഎഫിലേക്ക് ഇന്നലെ മുതൽ സംഭാവനകൾ പ്രവഹിക്കുകയാണ്. ലോകത്തിന് മാതൃകയായ ജനത ആരുടെയും ആഹ്വാനം അനുസരിച്ചല്ല, മറിച്ച് സ്വയമേ മുന്നോട്ട് വന്നാണ് സംഭാവനകൾ നൽകുന്നത്. ഇന്നുമാത്രം ഒരു കോടിയിലധികം രൂപ  ദുരിതാശ്വാസ നിധിയിലേക്ക് എത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സംഭാവനകളെത്തുന്നു.എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തിൽ കൂടുതൽ ആളുകൾ പങ്കാളികളാകണം. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിന് കൈകോർക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. 

വാക്സീനേഷൻ ശക്തമായി നടപ്പിലാക്കി എത്രയും വേഗം മഹാമാരിയിൽ നിന്ന് മുക്തി നേടണം. സാമ്പത്തികമായ വേർതിരിവുകളെ മറികടന്ന് ഏറ്റവും സാധാരണക്കാരനായ ആൾക്കും വാക്സീൻ ലഭ്യമാക്കാൻ ഒന്നിച്ചു നീങ്ങാമെന്നും അദ്ദേഹം പറഞ്ഞു. 

click me!