
കൊച്ചി: ഉയർന്ന വിപണി മൂല്യമുള്ള സമുദ്രമത്സ്യമായ വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള വിത്തുൽപാദന സാങ്കേതിക വിദ്യ വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽ മത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്നതാണ് ഈ നേട്ടം. മറ്റ് പല മീനിനേക്കാളും വേഗത്തിൽ വളരാനും പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ള മീനാണ് വറ്റ. കൂടുകളിൽ കടലിലും തീരദേശ ജലാശയങ്ങളിലും കൃഷി ചെയ്യാനാകും.
സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം. സിഎംഎഫ്ആര്ഐ ശാസ്ത്രജ്ഞരായ അംബരീഷ് പി ഗോപ്, ഡോ എം ശക്തിവേൽ, ഡോ ബി സന്തോഷ് എന്നിവർ നേതൃത്വം നൽകി.
ഇന്തോ-പസിഫിക് മേഖലയിൽ ഏറെ ആവശ്യക്കാരുള്ള വാണിജ്യസാധ്യതകൾ ഏറെയുള്ള മീനാണ് വറ്റ. മികച്ച മാംസവും രുചിയുമാണ് ഇവയെ മത്സ്യപ്രേമികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. കിലോക്ക് 400 മുതൽ 700 രൂപവരെ വിലയുണ്ട്. കുറഞ്ഞ കാലം കൊണ്ട് വലിയ വലിപ്പം കൈവരിക്കുന്ന മീനായതിനാൽ കൃഷിക്ക് ഏറെ അനുയോജ്യമാണ്. തീരദേശ റീഫുകളിലും ലഗൂണുകളിലും ഉൾക്കടലിലും ഇവയെ കണ്ടുവരുന്നു.
സിഎംഎഫ്ആർഐയുടെ പരീക്ഷണത്തിൽ, ഈ മീൻ കൂടുകൃഷിയിൽ അഞ്ച് മാസം കൊണ്ട് 500 ഗ്രാം വരെയും എട്ട് മാസം കൊണ്ട് ഒരു കിലോഗ്രാം വരെയും വളർച്ച നേടുന്നതായി കണ്ടെത്തി. കടൽ മത്സ്യകൃഷിയുടെ വളർച്ചയിൽ നിർണായകമായേക്കാവുന്ന നേട്ടമാണിതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. കുറഞ്ഞ കാലയളവ് കൊണ്ട് മികച്ച വളർച്ചനേടുന്ന ആവശ്യക്കാരേറെയുള്ള മത്സ്യമായതിനാല് വറ്റയുടെ കൃഷി മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ വഴിയൊരുക്കും. ഇവയുടെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ പ്രജനനരീതി കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് സിഎംഎഫ്ആർഐ. പെല്ലെറ്റ് തീറ്റകൾ നൽകി പെട്ടെന്ന് കൃഷിചെയ്ത് വളർത്താവുന്ന മീനാണ് വറ്റ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam