
കൊച്ചി: മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ കീഴ്ക്കോടതി ഉത്തരവ് തെറ്റെന്ന് അമിക്കസ് ക്യൂറി. കേസിൽ തെളിവില്ലെന്ന കീഴ്ക്കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് കോടതി പരിഗണിച്ചില്ലെന്നും അമിക്കസ് ക്യൂറി കണ്ടെത്തി. സിഎംആര്‍എല്‍ കമ്പനിയുടെ സിഇഒയും സിഎഫ്ഒയും രാഷ്ട്രീയക്കാർക്ക് പണം നൽകിയിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. വിചാരണ കോടതി ഹർജി പ്രാഥമിക അന്വേഷണത്തിന് വിടണമായിരുന്നുവെന്നും അമിക്കസ് ക്യൂറി പറയുന്നു. അമിക്കസ് ക്യൂറിയുടെ വാദം കേട്ടശേഷം ഹർജി കോടതി വിധി പറയാൻ മാറ്റി. ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യം ഇല്ലെന്ന് ഗിരിഷ് ബാബുവിന്റെ കുടുംബം അറിയിച്ചതിനെ തുടർന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.
വീണ വിജയന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാല്‍, ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. കളമശ്ശേരി കുസാറ്റിന് സമീപത്തെ വീടിനുള്ളിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി, പെരിയാറിലെ മലിനീകരണം, ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാസപ്പടി വിഷയം തുടങ്ങി നിരവധി കേസുകളിലെ ഹർജിക്കാരനാണ് ഗിരീഷ് ബാബു.
Also Read: നിർത്തിവെച്ച റീകൗണ്ടിങ് തുടരാൻ നിർദേശിച്ചത് ദേവസ്വം പ്രസിഡന്റ്: കേരളവർമ കോളേജ് പ്രിൻസിപ്പൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam