
ദില്ലി: കോസ്റ്റ് ഗാര്‍ഡ് അക്കാദമി സംസ്ഥാനത്തിന് നഷ്ടമായതിന് കാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പുക്കേടാണെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റ പ്രസ്താവന ദൗർഭാഗ്യകരമെന്ന് എളമരം കരീം. 'അക്കാദമി സ്ഥാപിക്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലം ചതുപ്പ് നിലമെന്ന് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന തെറ്റാണ്. മന്ത്രി ആ സ്ഥലം പോലും കണ്ടിട്ടില്ല. വി മുരളീധരൻ കേരളത്തിന്റെ താൽപര്യത്തോടൊപ്പമായിരുന്നു നിൽക്കേണ്ടിയിരുന്നത്. എന്നാൽ വികസന കാര്യത്തിൽ കേന്ദ്രമന്ത്രി രാഷ്ട്രീയം കളിച്ചു'. എല്ലാവിധ പരിശോധനയും നടത്തിയ ശേഷമാണ് കോസ്റ്റ് അക്കാദമി തുടങ്ങാൻ തീരുമാനിച്ചിരുന്നതെന്നും എളമരം കരീം പറഞ്ഞു.
കണ്ണൂരിലെ അഴീക്കലിൽ കോസ്റ്റ്ഗാർഡ് അക്കാദമി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നിഷേധിച്ചെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയില്‍ എളമരം കരീം എംപിയെ രേഖാമൂലം അറിയിക്കുകയായിരുന്നു. എട്ട് വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി ഇനി പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചത്.
എന്നാല്‍ സംസ്ഥാനത്തിന്‍റെ നിഷേധാത്മക നിലപാടാണ് പദ്ധതി ഉപേക്ഷിക്കാനുള്ള കാരണമായതെന്നും സംസ്ഥാന സര്‍ക്കാര്‍ പകരം സ്ഥലം കണ്ടെത്തിയില്ലെന്നുമായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വിമര്‍ശനം. 2011 ലാണ് അന്നത്തെ പ്രതിരോധ മന്ത്രി എകെ ആന്‍റണി കോസ്റ്റൽ അക്കാദമിക്ക് തറക്കല്ലിട്ടത്. കിൻഫ്രയ്ക്കായി ഏറ്റെടുത്ത ഭൂമിയിൽ നിന്ന് 164 ഏക്കർ പദ്ധതിക്ക് സംസ്ഥാന സർക്കാർ കൈമാറി. കണ്ടൽക്കാടുകൾ ഏറെയുള്ള വളപട്ടണം തീരത്ത് അക്കാദമി തുടങ്ങുന്നതിനെ തീരദേശ നിയന്ത്രണ അതോറിറ്റി എതിർത്തു. തീരദേശനിയന്ത്രണ നിയമപ്രകാരമുള്ള അനുമതി പദ്ധതിക്ക് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കുകയാണെന്നുവെന്നാണ് മന്ത്രി സഭയില്‍ വ്യക്തമാക്കിയത്.
കോസ്റ്റൽ അക്കാദമി മംഗലാപുരത്തെ ബൈക്കംപടിയിലേക്ക് മാറ്റാൻ കേന്ദ്രം നേരത്തെ തത്വത്തിൽ തീരുമാനിച്ചിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന നിർമ്മലാ സീതാരാമൻ മംഗലാപുരത്ത് എത്തി സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു. 160 ഏക്കർ കർണ്ണാടക സർക്കാർ അക്കാദമിക്കായി കണ്ടെത്തിയിട്ടുണ്ട്. അക്കാദമി കേരളത്തിൽ നിന്ന് മാറ്റരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് ഈ പദ്ധതി ഇനി പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് കേന്ദ്രം നല്‍കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam