
കോയമ്പത്തൂർ: ഉക്കടത്ത് കാർ ബോംബ് സ്ഫോടനത്തിൽ അന്വേഷണ സംഘം കേരളത്തിലെത്തി. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് 2019 ൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനുമായി കൊല്ലപ്പെട്ട മുബീന് ബന്ധമുണ്ടെന്നാണ് സൂചന. ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന മാതൃകയിൽ കോയന്പത്തൂരിൽ ആക്രണം ലക്ഷ്യമിട്ടോ എന്നതും പരിശോധിക്കുന്നുണ്ട്.
വിയ്യൂർ ജയിലിലാണ് മുഹമ്മദ് അസ്ഹറുദ്ദീൻ തടവിൽ കഴിയുന്നത്. ജമേഷ മുബിൻ വിയ്യൂരിലെത്തി ഇയാളെ കണ്ടിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കേരളത്തിലെത്തിയത്. വിയ്യൂർ ജയിലിൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ സന്ദർശകരുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.
അതേസമയം കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായിരിക്കുന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം സ്ഫോടകവസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും പിടിയിലായവർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്താണ് കാർ ബോംബ് സ്ഫോടനം നടന്നത്. തുടർന്ന് തമിഴ്നാട്ടിൽ കനത്ത സുരക്ഷ തുടരുകയാണ്. സ്ഫോടനം നടന്ന മേഖലയിൽ വൻ പൊലീസ് സന്നാഹം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam