'അന്ന് സുഖമില്ലാതായപ്പോള്‍ ഒപ്പമുണ്ടായിരുന്നവരാണ്; നടന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ഡോ. കവിത

By Web TeamFirst Published Feb 20, 2020, 6:26 PM IST
Highlights

ബോധം വരുമ്പോള്‍ ആദ്യം കണ്ട മുഖം ബൈജുച്ചേട്ടന്‍റേതായിരുന്നു. മോളേ പേടിക്കണ്ട മോള്‍ക്ക് ഒന്ന് തലകറങ്ങിയതാണെന്ന് ചേട്ടന്‍ പറഞ്ഞു.

തൃശൂര്‍: അപകടത്തിൽ മരിച്ച കെഎസ്ആര്‍ടി ബസ് ജീവനക്കാരായ ബൈജുവും ഗിരീഷും തനിക്ക് ദൈവത്തെപ്പോലെയായിരുന്നെന്നും ഇരുവരുടേയും മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും തൃശൂർ സ്വദേശിയായ ഡോ. കവിത. നേരത്തെ ബംഗ്ളൂരു യാത്രക്കിടെ ബോധരഹിതയായി ബസില്‍ കുഴഞ്ഞുവീണപ്പോൾ കവിതയെ ആശുപത്രിയിലാക്കുകയും ബന്ധുക്കള്‍ വരുന്നതു വരെ ആശുപത്രിയില്‍ കൂട്ടിരുന്നതും ഇന്ന് അപകടത്തില്‍ മരിച്ച ഗിരീഷും ബൈജുവുമായിരുന്നു.

2018 ജൂൺ 3 നായിരുന്നു സംഭവം. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ പുലർച്ചെ അഞ്ച് മണിയോടെ ഹൊസൂരിൽ കഴിഞ്ഞപ്പോൾ യാത്രക്കാരിയായിരുന്ന കവിതയ്ക്ക് തലകറക്കമുണ്ടായി. കൂട്ടിനാരുമില്ല. ഗിരീഷും ബൈജുവും വണ്ടി തിരിച്ചു. ഹൊസൂരിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. മേലുദ്യോഗസ്ഥരെ വിവരം അറിയിച്ച ശേഷം ഗിരീഷ് മറ്റ് യാത്രക്കാരുമായി ബെംഗളുരുവിലേക്ക് മടങ്ങി. കവിതയുടെ ബന്ധുക്കൾ എത്തുന്നതുവരെ അഞ്ച് മണിക്കൂറോളമാണ് ബൈജു ആശുപത്രിയിൽ കൂട്ടിരുന്നു. പിന്നീട് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്.  അന്ന് കെഎസ്ആര്‍ടിസി എംഡിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി ഇരുവര്‍ക്കും അഭിനന്ദനക്കത്ത് അയച്ചിരുന്നു. 


അന്നത്തെ സംഭവത്തെക്കുറിച്ച് കവിത ഓര്‍മ്മിക്കുന്നതിങ്ങനെ

"രാവിലെയാണ് ന്യൂസ് കേട്ടത്. ഇവരുടെ ബസായിരുന്നുവെന്ന് അപ്പോഴും അറിഞ്ഞിരുന്നില്ല. പിന്നീട് ഫോട്ടോ കണ്ടപ്പോഴാണ് മനസിലായത്. വിശ്വസിക്കാന്‍ പറ്റുന്നില്ല. രണ്ട് പേരും വാഹനം നല്ലരീതിയില്‍ ഓടിക്കുന്നവരായിരുന്നു. ഒരിക്കലും റഷ് ഡ്രൈവിംഗ് നടത്തിയിരുന്നില്ല. ചിരിച്ച മുഖത്തോടെ നടക്കുന്നയാളായിരുന്നു ബൈജുച്ചേട്ടന്‍. അന്ന് എനിക്ക് സുഖമില്ലാതായപ്പോള്‍ ബൈജുച്ചേട്ടനായിരുന്നു കൂട്ടിരുന്നത്. ബസില്‍ കയറി കുറച്ച് കഴിഞ്ഞപ്പോള്‍ തല കറങ്ങുന്നതായി തോന്നി. ഞാന്‍ അടുത്തിരുന്നയാളോട് ഇത് പറഞ്ഞു.

പിന്നെ എനിക്ക് ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. ബോധം വരുമ്പോള്‍ ആദ്യം കണ്ട മുഖം ബൈജുച്ചേട്ടന്‍റേതായിരുന്നു. മോളേ പേടിക്കണ്ട മോള്‍ക്ക് ഒന്ന് തലകറങ്ങിയതാണെന്ന് ചേട്ടന്‍ പറഞ്ഞു. ഗിരീഷേട്ടന്‍ വാഹനമെടുത്തു പോയി. ബൈജുച്ചേട്ടന്‍ എനിക്ക് ആശുപത്രിയില്‍ കൂട്ടിരുന്നു. വീട്ടില്‍ വിളിച്ച് പറഞ്ഞതും ഡോക്ടറോട് സംസാരിച്ചതും ബൈജുച്ചേട്ടനായിരുന്നു.ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഇപ്പോഴും പറയുമായിരുന്നു. വിശ്വസിക്കാന്‍ പറ്റുന്നില്ല". രണ്ടുപേരുടെയും മരണത്തിൽ ഞെട്ടൽ മാറിയിട്ടില്ലെന്നും കവിത പറയുന്നു.
 

click me!