വല്ലാർപാടം മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിലെ വിള്ളൽ; ജില്ലാ കലക്ടർ പരിശോധന നടത്തി

By Web TeamFirst Published Jun 26, 2019, 3:00 PM IST
Highlights

പരിശോധന സംബന്ധിച്ച് ദേശീയ പാത അതോറിറ്റി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക എന്ന് കലക്ടർ എസ് സുഹാസ് പറഞ്ഞു. 

കൊച്ചി: അപ്രോച്ച് റോഡിൽ വിള്ളൽ കണ്ടെത്തിയ വല്ലാർപാടം–വൈപ്പിൻ മേൽപ്പാലത്തിൽ എറണാകുളം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബലക്ഷയം പരിഹരിക്കുന്നത് വരെ പാലം തുറക്കേണ്ടെന്നാണ് തീരുമാനം. പരിശോധന സംബന്ധിച്ച് ദേശീയ പാത അതോറിറ്റി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക എന്ന് കലക്ടർ എസ് സുഹാസ് പറഞ്ഞു. ബലക്ഷയമെന്ന് സംശയം ഉയർന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി പൊലീസ് നിരോധിച്ചിരുന്നു.

ചൊവ്വാഴ്ച്ച വൈകിട്ടാണ് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് മുന്നിലുള്ള മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ കണ്ടെത്തിയത്.  വൈപ്പിൻ ഭാഗത്തേക്ക് പോകുമ്പോൾ പാലവും അപ്രോച്ച് റോഡും യോജിക്കുന്ന ഭാഗത്താണ് വിള്ളലുള്ളത്. ഈ ഭാഗത്ത് ടാറിംഗ് പൊളിഞ്ഞു നീങ്ങിയിട്ടുണ്ട്. പാലത്തിലൂടെ സർവീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പാലം അടച്ചിടുകയായിരുന്നു. വിള്ളൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ പാലം നിർമ്മിച്ച കൊച്ചിൻ പോർട്ട് ട്രസ്റ്റിലെയും ദേശീയ പാത അതോറിട്ടിയിലെയും ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി. ബലക്ഷയം എത്രമാത്രം വലുതാണെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ വേണമെന്ന് കലക്ടർ അറിയിച്ചു.

മുപ്പതു കോടി രൂപ ചെലവഴിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിർമ്മിച്ച് പാലം 2017 ലാണ് ദേശീയപാത അതോറിട്ടിക്ക് കൈമാറിയത്. കൊൽക്കത്തയിലുള്ള ജിപിടി ജിയോ എന്ന കമ്പനിക്കായിരുന്നു കാരാർ. അഞ്ച് വർഷത്തിനുള്ളിൽ ബലക്ഷയം ഉണ്ടായാൽ സ്വന്തം നിലയിൽ പണികൾ നടത്തേണ്ടത് കരാർ എടുത്ത കമ്പനിയാണ്. വിള്ളൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ കമ്പനി അധികൃതരും കൊച്ചിയിലെത്തിയിട്ടുണ്ട്.

click me!