
കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ തകർക്കാനുള്ള സുപ്രീം കോടതി വിധി വിജയകരമായാണ് ഇന്ന് പൂർത്തീകരിച്ചതെന്ന് ജില്ലാ കളക്ടർ എസ് സുഹാസും സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയും. ഫ്ലാറ്റ് കെട്ടിടം തകർക്കുന്ന ജോലികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയെന്നും പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായില്ലെന്നും കമ്മിഷണർ പറഞ്ഞു.
"എച്ച്2ഒ, ആൽഫ വൺ എന്നിവ തകർത്തപ്പോൾ കായലിനോ, സമീപത്തെ വീടുകൾക്കോ, മറ്റ് നിർമ്മിതികൾക്കോ ഒന്നും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ആൽഫ ടു തകർക്കുന്നതിന് മുൻപ് തന്നെ കായലിലേക്ക് അതിന്റെ ഒരു ഭാഗം വീഴ്ത്തുമെന്ന് അറിയിച്ചിരുന്നു. ചുറ്റുമുള്ള വീടുകൾക്ക് നാശനഷ്ടം സംഭവിക്കാതിരിക്കാനായിരുന്നു ഇത്," കമ്മിഷണർ പറഞ്ഞു.
"കെട്ടിടം തകർക്കുമ്പോൾ മരങ്ങൾക്കോ മറ്റ് വസ്തുക്കൾക്കോ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയ നാശനഷ്ടം പോലും കുറവാണ്. 15 മിനിറ്റോളം വൈകിയാണ് സ്ഫോടനം നടത്തിയത്. എയർ ക്ലിയറൻസ് കിട്ടാൻ വൈകിയതാണ് കാരണം. അഞ്ചാം സൈറൺ ദേശീയപാതയിലെ കുരുക്കഴിച്ച ശേഷം നൽകും. സമീപത്തെ ഇടറോഡുകൾ കൂടി തുറന്നുകൊടുത്ത ശേഷം ആറാമത്തെ സൈറൺ മുഴക്കും. അപ്പോൾ എല്ലാവർക്കും അവരവരുടെ വീടുകളിലേക്ക് പോകാം എന്നും ജില്ലാ കളക്ടർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam