സംസ്ഥാനത്തെ കോളേജുകളിലും ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ

By Web TeamFirst Published Jun 1, 2020, 7:42 AM IST
Highlights

പതിവ് ആരവങ്ങളും ആഘോഷങ്ങളുമില്ലാതെയാണ് സംസ്ഥാനത്തെ കലാലയവര്‍ഷം തുടങ്ങുന്നത്. സ്കൂളുകള്‍ക്കൊപ്പം കോളേജുകളും ഇത്തവണ ഓണ്‍ലൈനാവുകയാണ്.

തിരുവനന്തപുരം: സ്കൂളുകൾക്കൊപ്പം സംസ്ഥാനത്തെ കോളേജുകളിലും ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങുകയാണ്. രാവിലെ എട്ടര മുതൽ ഒന്നര വരെയായിരിക്കും ക്ലാസുകൾ. തിരുവനന്തപുരം സംസ്കൃത കോളേജിൽ ക്ലാസെടുത്ത് കൊണ്ട് ഉന്നതവിദ്യാഭ്യസ മന്ത്രി കെടി ജലീൽ ഓൺലൈൻ ക്ലാസ് സംവിധാനം ഉദ്​​ഘാടനം ചെയ്യും. 

പതിവ് ആരവങ്ങളും ആഘോഷങ്ങളുമില്ലാതെയാണ് സംസ്ഥാനത്തെ കലാലയവര്‍ഷം തുടങ്ങുന്നത്. സ്കൂളുകള്‍ക്കൊപ്പം കോളേജുകളും ഇത്തവണ ഓണ്‍ലൈനാവുകയാണ്. ഡിഗ്രി മൂന്നും അഞ്ചും സെമസ്റ്ററുകള്‍ പിജിയില്‍ മൂന്നാം സെമസ്റ്റര്‍ എന്നിവര്‍ക്കാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

സൂം, ഗൂഗിള്‍ മേറ്റ് പോലുള്ള വീഡിയോ കോണ്‍ഫറൻസിംഗ് സങ്കേതങ്ങള്‍ വഴിയാണ് ക്ലാസുകള്‍. ഒരു ദിവസം പരമാവധി രണ്ട് മണിക്കൂറാണ് ലൈവ് ക്ലാസ്. ചര്‍ച്ചകള്‍, ചോദ്യത്തോര വേള, സംശയനിവാരണം എന്നിവയ്ക്ക് ബാക്കി സമയം. ഓണ്‍ലൈനില്‍ എത്താൻ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് റെക്കോര്‍ഡ് ചെയ്ത് ക്ലാസുകള്‍ നല്‍കും. നോട്ടുകള്‍ പോലുള്ള പഠനസാമഗ്രികളും ഓണ്‍ലൈൻ വഴി നല്‍കും.

കഴിഞ്ഞ സെമസ്റ്ററില്‍ പഠിപ്പിക്കാൻ ബാക്കിയുള്ള ഭാഗങ്ങൾ ഉച്ചയ്ക്ക് ശേഷം ഒന്നരയ്ക്ക് നടത്തും. സാങ്കേതിക സംവിധാനങ്ങളുടെ പരിമിതിയില്‍ ക്ലാസുകളില്‍ പങ്കെടുക്കാൻ സാധിക്കാത്തവര്‍ക്ക് അടുത്തുള്ള അക്ഷയകേന്ദ്രം, ലൈബ്രറി കൗണ്‍സില്‍, കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കും.

അധ്യാപകര്‍ റൊട്ടേഷൻ സമ്പ്രദായത്തില്‍ വീടുകളിലും കോളേജുകളിലും എത്തി ക്ലാസുകള്‍ കൈകാര്യം ചെയ്യും. ഓരോ ദിവസവും ഓണ്‍ലൈൻ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും വിവരങ്ങള്‍ ശേഖരിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ മുഴുവൻ കോളേജുകള്‍ക്കും പൊതുവായ ലൈവ് സംവിധാനം ഏര്‍പ്പെടുത്തും.
 

click me!