ഹൈക്കോടതിക്ക് മുന്നിലെ സംഘര്‍ഷം; ലാത്തിച്ചാര്‍ജിനുള്ള സാഹചര്യമില്ലായിരുന്നു, പൊലീസിന് വീഴ്ചയെന്ന് കമ്മീഷന്‍

By Web TeamFirst Published Aug 12, 2021, 5:27 PM IST
Highlights

2016 ജൂലൈ 20 ന് ഹൈക്കോടതിയുടെ മുന്നിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവും തുടർന്ന് ലാത്തിച്ചാർജിലേക്ക് നയിച്ച സംഭവങ്ങളുമാണ് ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷന്‍ അന്വേഷിച്ചത്. 

തിരുവനന്തപുരം: ഹൈക്കോടതിക്ക് മുന്നിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ജസ്റ്റിസ് മുഹമ്മദ് കമ്മീഷൻ റിപ്പോര്‍ട്ട്. 2016 ജൂലൈ 20 ന് ഹൈക്കോടതിയുടെ മുന്നിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷവും തുടർന്ന്  ലാത്തിച്ചാർജിലേക്ക് നയിച്ച സംഭവങ്ങളുമാണ് ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷന്‍ അന്വേഷിച്ചത്. ഹൈക്കോടതിക്ക് മുന്നിൽ ഇരുവിഭാഗവും പരസ്പരം ചീത്ത വിളിച്ചത് പ്രകോപനം ആയെന്ന് കമ്മിഷന്റെ കണ്ടെത്തലിൽ പറയുന്നു. 

അക്രമ സംഭവം തടയുന്നതിന് ജില്ലാ തലത്തിലെ പൊലീസ് ഉദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിൽ ഏകോപനം ഉണ്ടായിരുന്നില്ല. മുൻകൂർ നിർദേശങ്ങൾ ബന്ധപ്പെട്ട അധികൃതർ നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതി പരിസരത്ത് ജൂലൈ 19 ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അനുമതിയില്ലാത്ത ഈ മാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ജൂലൈയ് 20 ലെ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു. പൊലീസ് ലാത്തിച്ചാർജിലാണ് ഭൂരിഭാഗം അഭിഭാഷകർക്കും ക്ലർക്കുമാർക്കും പരിക്കേറ്റത്. ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. 

ഹൈക്കോടതിയിലെ നാലാം നിലയിലെ മീഡിയ റൂമിന് പുറത്ത് അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് കമ്മീഷന് നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. കോടതിക്കുള്ളില്‍ കയറി അന്വേഷണം  നടത്താന്‍ കമ്മീഷന് അധികാരമില്ലാത്തതാണ് കാരണം. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ പ്രകോപനം എന്തെന്ന് അതിനാല്‍ കണ്ടെത്താനായിട്ടില്ല. അക്രമസംഭവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തിട്ടുള്ള ക്രിമിനൽ കേസുകൾ വിവിധ ഘട്ടങ്ങളിലായതിനാൽ പ്രത്യേക നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്ന് നിയമസഭയില്‍ഇന്ന് സമര്‍പ്പിച്ച നടപടി റിപ്പോര്‍ട്ടില്‍ ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. 

ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള കമ്മീഷന്‍ ശുപാർശകൾ പരിശോധിച്ച്  നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഇതിനായി ആഭ്യന്തര വകുപ്പ് അഡീ ചീഫ് സെക്രട്ടറിയയും നിയമ വകുപ് സെക്രടറിയേയും ചുമതലപ്പെടുത്തി. അന്വേഷണ കമ്മീഷൻ ചൂണ്ടിക്കാണിച്ചതനുസരിച്ച് കമ്മീഷൻ ഓഫ് - എൻക്വയറി ആക്ടിന് അനുസൃതമായി പുതിയ ചട്ടം രൂപീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

click me!