റേഷന്‍ വ്യാപാരികള്‍ക്ക് സൗജന്യ കിറ്റിന്‍റെ കമ്മീഷൻ മുടങ്ങിയിട്ട് മാസം ഒന്‍പത്

By Web TeamFirst Published Jul 7, 2021, 6:45 AM IST
Highlights

കൊവിഡ് കാലത്ത് കേരളത്തിന് വലിയ ആശ്വാസമായിരുന്നു സൗജന്യകിറ്റുകൾ. സർക്കാർ കഴിഞ്ഞ ഏപ്രിലിൽ, കൊടുത്ത് തുടങ്ങുന്പോൾ കിറ്റൊന്നിന് ഏഴുരൂപ കമ്മീഷൻ റേഷൻ വ്യാപാരികൾക്കും കിട്ടുമെന്നായിരുന്നു കണക്ക്. 

തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് സൗജന്യ കിറ്റ് വിതരണത്തിന്റെ കമ്മീഷൻ മുടങ്ങിയിട്ട് ഒന്പത് മാസം. കമ്മീഷൻ ഇനത്തിൽ വലിയ തുക കുടിശ്ശികയായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വ്യാപാരികൾ. തെരഞ്ഞെടുപ്പിനു ശേഷം സർക്കാർ തഴയുകയാണെന്നാണിവരുടെ പരാതി.

കൊവിഡ് കാലത്ത് കേരളത്തിന് വലിയ ആശ്വാസമായിരുന്നു സൗജന്യകിറ്റുകൾ. സർക്കാർ കഴിഞ്ഞ ഏപ്രിലിൽ, കൊടുത്ത് തുടങ്ങുന്പോൾ കിറ്റൊന്നിന് ഏഴുരൂപ കമ്മീഷൻ റേഷൻ വ്യാപാരികൾക്കും കിട്ടുമെന്നായിരുന്നു കണക്ക്. ഓണക്കിറ്റ് കാലത്തത് 5 രൂപയായി കുറച്ചു. എന്നാലും വേണ്ടീലെന്ന് വെച്ച് കിറ്റിറക്കി, കൊവിഡ് രൂക്ഷമായ കാലത്ത് പോലുമത് തെറ്റാതെ വിതരണം ചെയ്ത വ്യാപാരികൾക്കാണ് കൊല്ലമൊന്നാകാറായിട്ടും കമ്മീഷൻ കൊടുക്കാത്തത്. 

ആളെ വെച്ച് കിറ്റിറക്കിയവരും കേടാകാതെ സൂക്ഷിക്കാൻ കടമുറികൾ അധികമായി വാടകയ്ക്ക് എടുത്തവരുമടക്കമാണ് കടുത്ത പ്രതിസന്ധിയിലായത്. പലർക്കും രണ്ട് ലക്ഷത്തോളം രൂപ വരെയാണ് കിട്ടാനുള്ളത്. പതിനാലായിരത്തിലേറെ റേഷൻ വ്യാപാരികളിലൂടെ 80 ലക്ഷത്തിലധികം കിറ്റുകൾ സംസ്ഥാനത്ത് ഇപ്പോഴും വിതരണം ചെയ്യുന്നുണ്ട്. 

സ്പെഷ്യൽ അരി എടുക്കുമ്പോൾ നൽകേണ്ട തുകയിൽ കമ്മീഷൻ ഇളവ് ചെയ്താൽ മതിയെന്ന് ആവശ്യവും റേഷൻ വ്യാപാരികൾ മുന്നോട്ടു വെച്ചെങ്കിലും ഇതും അംഗീകരിച്ചിട്ടില്ല.

click me!