ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർഥിയെക്കൊണ്ട് പിഴയടപ്പിച്ച സിപിഒയെ സസ്പെൻഡ് ചെയ്തു

By Web TeamFirst Published Aug 9, 2021, 12:13 PM IST
Highlights

സിവിൽ പൊലീസ് ഓഫിസർ അരുൺ ശശിയെ സസ്പെൻഡ് ചെയ്തു. സി ഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണർ ഉത്തരവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർഥിയെക്കൊണ്ട് പിഴയടപ്പിച്ച പൊലീസിനെതിരെ നടപടി. സിവിൽ പൊലീസ് ഓഫിസർ അരുൺ ശശിയെ ആണ് സസ്പെൻഡ് ചെയ്തത്. സിഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണർ ഉത്തരവിട്ടു. പിഴയായി രണ്ടായിരം രൂപ വാങ്ങിയിട്ട് അഞ്ഞൂറ് രൂപയുടെ രസീത് നൽകിയതിനാണ് നടപടി.

ഇന്നലെ രാവിലെയാണ് സംഭവം. കാറിൽ അമ്മയുമായി ശ്രീകാര്യം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  ബലിതർപ്പണത്തിന് പോയ നവീനെ പൊലീസ് തടയുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് രണ്ടായിരം രൂപ പിഴ നൽകാൻ ആവശ്യപ്പെട്ടത്. സത്യവാങ്മൂലം പോലും പൊലീസ് ചോദിച്ചില്ലെന്നാണ് നവീന്‍റെ പരാതി.  

കൈവശം പണമില്ലാത്തതിനാൽ എടിഎമ്മിൽ നിന്ന് പണമെടുത്ത് സ്റ്റേഷനിലെത്തി രണ്ടായിരം രൂപ പിഴയടച്ചുവെങ്കിലും പൊലീസ് നൽകിയത് 500 രൂപ രസീതാണെന്നും വീട്ടിലെത്തിയശേഷമാണ് തുക ശ്രദ്ധിച്ചതെന്ന് നവീൻ പറയുന്നു.

എഴുതിയതിൽ സംഭവിച്ച പിഴവാണെന്നാണ് പൊലീസിൻറെ വിശദീകരണം. ഇതറിയിക്കാൻ ഫോണിൽ  വിളിച്ചുവെന്നും നവീൻ ഫോണ്‍ എടുത്തില്ലെന്നുമാണ് ശ്രീകാര്യം പൊലീസിന്‍റെ മറുപടി. രണ്ടായിരം രൂപക്കുള്ള കേസാണ് എടുത്തെന്നും സ്റ്റേഷൻ അക്കൗണ്ടിൽ പണമുണ്ടെന്നും വിശദീകരിക്കുന്നുണ്ട്.
 
മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!