'ഏക സിവില്‍ കോഡ് പ്രായോഗികമല്ല, ഹിന്ദു മുസ്ലീം പ്രശ്‌നമാക്കാനുള്ള അജണ്ട എതിര്‍ത്ത് തോല്‍പ്പിക്കണം'; സതീശന്‍

Published : Jul 02, 2023, 02:05 PM ISTUpdated : Jul 02, 2023, 02:32 PM IST
'ഏക സിവില്‍ കോഡ് പ്രായോഗികമല്ല, ഹിന്ദു മുസ്ലീം പ്രശ്‌നമാക്കാനുള്ള അജണ്ട എതിര്‍ത്ത് തോല്‍പ്പിക്കണം'; സതീശന്‍

Synopsis

ഭിന്നിപ്പിന് വേണ്ടിയുള്ള അജണ്ടയെ തിരിച്ചറിഞ്ഞ് ഒന്നിച്ച് ചെറുത്ത് തോല്‍പ്പിക്കണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്

എറണാകുളം: ഏക സിവില്‍ കോഡ് സംബന്ധിച്ച് കോണ്‍ഗ്രസിന് ഒരു അവ്യക്തതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 15-ന് ഈ വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ തന്നെ ജയറാം രമേശ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2018-ല്‍ മോദി സര്‍ക്കാര്‍ കൊണ്ടു വന്ന ലോ കമ്മീഷന്‍ ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളതെന്നാണ് ജയറാം രമേശ് പറഞ്ഞത്.

ഏക സിവില്‍ കോഡിനെ ഹിന്ദു- മുസ്ലീം വിഷയമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഹിന്ദു ഉള്‍പ്പെടെ വിവിധ ഗോത്ര വര്‍ഗങ്ങളെയും സമുദായങ്ങളെയും ബാധിക്കുന്ന വിഷയമാണിത്. ഓരോ വിഭാഗങ്ങള്‍ക്കും അവരവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളുമുണ്ട്. ഏക സിവില്‍ കോഡ് വന്നാല്‍ അത് ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ പ്രായോഗിക ബുദ്ധിമൂട്ടുകളുണ്ടാക്കും. കരട് ബില്‍ പോലും ഇതുവരെ വന്നിട്ടില്ല. വന്നാല്‍ എങ്ങനെ നേരിടണമെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമാണ് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. നടപ്പാക്കാന്‍ സാധിക്കാത്ത വിഷയം ചര്‍ച്ച ചെയ്ത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ലക്ഷ്യം. ഹിന്ദുക്കളും മുസ്ലീംകളും തമ്മിലുള്ള പ്രശ്‌നമാക്കി തീര്‍ക്കാനുള്ള അജണ്ടയാണ് അണിയറയില്‍ ഒരുങ്ങുന്നത്. അത് ജനങ്ങള്‍ ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കും. നടപ്പാക്കുക എന്നതല്ല ഭിന്നിപ്പുണ്ടാക്കുകയെന്നത് മാത്രമാണ് സംഘപരിവാര്‍ ലക്ഷ്യം. ഭിന്നിപ്പിന് വേണ്ടിയുള്ള അജണ്ടയെ തിരിച്ചറിഞ്ഞ് ഒന്നിച്ച് ചെറുത്ത് തോല്‍പ്പിക്കണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്.

ജയറാം രമേശ് പറഞ്ഞ നിലപാട് തന്നെയാണ് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും പറഞ്ഞത്. നേരത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ ബി.ജെ.പിയിലേക്ക് പോകുന്നെന്നാണ് പറഞ്ഞത്. എന്നിട്ട് എന്തായി? ക്രൈസ്തവര്‍ കൊലചെയ്യപ്പെട്ടപ്പോഴും ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും അവിടെയെത്തിയത് രാഹുല്‍ ഗാന്ധി മാത്രമാണ്. അക്രമികള്‍ അഴിഞ്ഞാടുന്ന തെരുവുകളിലൂടെയാണ് രാഹുല്‍ ഗാന്ധി നടന്നത്. കോണ്‍ഗ്രസ് ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം.

സി.പി.എമ്മുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തിന്റെ ഒരു ആവശ്യവുമില്ല. അല്ലാതെ തന്നെ കേണ്‍ഗ്രസിന് ശക്തിയുണ്ട്. കേരളത്തില്‍ അല്ലാതെ മറ്റെങ്ങും സി.പി.എമ്മില്ല. മുഖ്യമന്ത്രി നേരിട്ട് പ്രചരണം നടത്തിയ ബാഗേപ്പള്ളിയില്‍ സി.പി.എം നാലാം സ്ഥാനത്തായി. സി.പി.എമ്മുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തിനൊന്നും കേരളത്തിലെ കോണ്‍ഗ്രസില്ല. ഭിന്നിപ്പിക്കുകയെന്ന ബി.ജെ.പി കെണിയിലേക്ക് ആരും ചെന്ന് ചാടരുതെന്നും സതീശന്‍ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News live: തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി; ചെങ്കൽപ്പേട്ടിൽ റാലി ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും