ആശ്രിത നിയമനം: നിലവിലെ രീതിയിൽ മാറ്റം വരുത്താൻ സർക്കാർ; സർവീസ് സംഘടനകളുടെ യോഗം വിളിച്ചു

Published : Jan 04, 2023, 11:11 AM ISTUpdated : Jan 04, 2023, 02:15 PM IST
ആശ്രിത നിയമനം: നിലവിലെ രീതിയിൽ മാറ്റം വരുത്താൻ സർക്കാർ; സർവീസ് സംഘടനകളുടെ യോഗം വിളിച്ചു

Synopsis

ഒരു വർഷത്തിനകം ജോലി സ്വീകരിക്കാവുന്നവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാൻ ആലോചന. ജീവനക്കാർ മരിച്ചാൽ ആശ്രിത നിയമനം
ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാൻ കഴിയുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തും. നാലാം ശനിയാഴ്ച ജീവനക്കാർക്ക് അവധി ദിവസമാക്കാനും ആലോചനയുണ്ട്.

അതാത് വകുപ്പുകളിൽ ഒഴിവു വരുന്ന തസ്തികകളിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമെ ആശ്രിത നിയമനം നടത്താവൂ എന്നാണ് ഹൈക്കോടതി ഉത്തരവ്.  വിധിക്കെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ തള്ളുകയും ഇത് മറികടക്കാൻ പോംവഴിയില്ലെന്ന് നിയമവകുപ്പ് നിലപാട് എടുക്കുകയും ചെയ്തു. ഇതോടെയാണ് ബദൽ നിര്‍ദ്ദേശങ്ങൾ സർവീസ് സംഘടനകൾക്ക് മുന്നിൽ സർക്കാർ ചര്‍ച്ചക്ക് വയ്ക്കുന്നത്. 

സര്‍ക്കാര്‍ സർവീസിലുള്ളയാളുടെ മരണ ശേഷം ഒരു വര്‍ഷത്തിനകം നിയമനം കിട്ടാൻ അർഹതയുള്ളവര്‍ക്ക് നിയമനം, മറ്റുള്ള അപേക്ഷകര്‍ക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധനം എന്നിങ്ങനെയാണ് ബദൽ നിർദ്ദേശങ്ങൾ. ചീഫ് സെക്രട്ടറി തല സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശം സര്‍വ്വീസ് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ മാസം പത്തിന് ഓൺലൈനായാണ് യോഗം.

ആശ്രിത നിയമനം അഞ്ച് ശതമാനമായി പരിമിതപ്പെടുത്തുമ്പോൾ നിയമനത്തിന് നിലവിലെ കാലതാമസം ഇനിയും കൂടാൻ സാധ്യതയുണ്ട്. പല അപേക്ഷകര്‍ക്കും ജോലി തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇവ കണക്കിലെടുത്താണ്  പുതിയ നിര്‍ദ്ദേശമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.  ആശ്രിത നിയമനത്തിന്റെ മറവിൽ അനധികൃത നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളുമെല്ലാം നടക്കുന്നുണ്ടെന്ന പരാതികളും വ്യാപകമാണ്. അഞ്ച് ശതമാനമെന്നത് പലപ്പോഴും അതിലധികമാകുന്നെന്ന ആക്ഷേപവും ഉണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പിന്നാലെ ആശ്രിത നിയമനം കൂടി പരിമിതപ്പെടുത്താനുള്ള നീക്കത്തിനെതിരെ സര്‍വ്വീസ് സംഘടനകളിൽ എതിര്‍പ്പ് പ്രകടമാണ്. 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്