'ലീഗ് നേതാവ് ചതിക്കില്ലെന്ന് വിശ്വസിച്ചു'; എംസി കമറുദ്ദീൻ എംഎൽഎക്ക് എതിരെ പരാതിക്കാർ

By Web TeamFirst Published Aug 29, 2020, 11:52 AM IST
Highlights

ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങൾക്കുമെതിരെയാണ് വഞ്ചനക്കുറ്റം ചുമത്തി ചന്തേര പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്

കാസർകോട്: മുസ്ലീംലീഗ് നേതാവ് ചതിക്കില്ലെന്ന  വിശ്വാസത്തിലാണ് എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചിതെന്ന് പരാതിക്കാർ.  ജ്വല്ലറി പൊളിഞ്ഞതോടെ  നിക്ഷേപം തിരിച്ചുനൽകാതെ നിരവധി പേരെ വഞ്ചിച്ചിവെന്നും പരാതിക്കാർ പറഞ്ഞു. അതേ സമയം തനിക്കെതിരായ വഞ്ചനക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എംഎൽഎ ആരോപിച്ചു

ചെറുവത്തൂരിൽ പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച അബ്ദുൾ ഷൂക്കൂർ, എംടിപി സുഹറ, വലിയ പറമ്പ് സ്വദേശി ആരിഫ എന്നിവരുടെ പരാതിയിലാണ് ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി ചന്തേര പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്. 

നിക്ഷേപമായി നൽകിയ 30 ലക്ഷം രൂപ പലതവണ ആവശ്യപ്പെട്ടിട്ടും തിരിച്ചുനൽകിയില്ലെന്നാണ് ചെറുവത്തൂർ സ്വദേശി അബ്ദുൾഷുക്കൂറിന്റെ പരാതി. ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് സുഹറയും മൂന്ന് ലക്ഷം വാങ്ങി വഞ്ചിച്ചെന്ന് ആരിഫയും ചന്തേര പൊലീസിൽ മൊഴി നൽകി.  40 വർഷം ഗൾഫിൽ പണിയെടുത്തുണ്ടാക്കിയ പണമാണ് നിക്ഷേപിച്ചതെന്നും വലിയ നേതാക്കളായതിനാൽ ചതിക്കില്ലെന്നായിരുന്നു വിശ്വാസമെന്നും പരാതിക്കാരൻ അബ്ദുൾ ഷുക്കൂർ പറഞ്ഞു.

നഷ്ടത്തിലായതിനെ തുടർന്ന് ഫാഷൻ ഗോൾഡ് ജ്വല്ലറിയുട ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് ശാഖകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയിട്ടില്ല.  നേരത്തെ എംഎൽഎ ചെയർമാനായ സ്വകാര്യ ട്രസ്റ്റ് തൃക്കരിപ്പൂരിൽ വഖഫ് ഭൂമി തട്ടിയെടുത്തെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന്  ഭൂമി തിരികെ നൽകിയാണ് വിവാദങ്ങൾ അവസാനിപ്പിച്ചത്. ജ്വല്ലറി നിക്ഷേപകരെ വഞ്ചിച്ചുവെന്ന പരാതി കൂടി ഉയർന്നതോടെ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ് എംസി കമറുദ്ദീൻ.

click me!