
കാസര്‍കോട് :കാഞ്ഞങ്ങാട്ട്(kanjangad) സമുദായ മാനദണ്ഡം ലംഘിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ യുവാവിനെ ഭ്രഷ്ട് കല്‍പ്പിച്ച (restricted)സംഭവത്തിന് പിന്നാലെ പരാതിയുമായി കൂടുതല്‍ പേര്‍. രണ്ട് വര്‍ഷം മുമ്പ് മകന്‍റെ വിവാഹത്തിന്‍റെ പേരില്‍ തന്നെ വിലക്കിയതായി കാഞ്ഞങ്ങാട് ബത്തേരിക്കല്‍ ബീച്ചിലെ ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാഞ്ഞങ്ങാട് അജാനൂര്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര(ajanur sree kurumba bhagavathi temple) കമ്മിറ്റിക്കെതിരെ തന്നെയാണ് ബത്തേരിക്കല്‍ ബീച്ചിലെ ശശിയുടെ പരാതി. പൂരാഘോഷം ചർച്ച ചെയ്യാനുള്ള ക്ഷേത്ര യോഗത്തില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് തന്നെ അപമാനിച്ച് ഇറക്കി വിട്ടുവെന്ന് ഇദ്ദേഹം പറയുന്നു. സമുദായത്തിന്‍റെ മാനദണ്ഡം ലംഘിച്ച് മകന്‍ ഒരേ ഇല്ലത്ത് നിന്ന് വിവാഹം കഴിച്ചതാണ് കാരണം.
ഒരേ ഇല്ലത്ത് നിന്ന് വിവാഹം കഴിച്ചതിന്‍റെ പേരില്‍ പ്രദേശത്ത് നിരവധി കുടുംബങ്ങളില്‍ വിലക്കുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. കുടുംബത്തിന് മുഴുവന്‍ ഭ്രഷ്ട് കല്‍പ്പിക്കുമോ എന്ന് ഭയന്നാണ് പലരും പരാതിപ്പെടാത്തതത്രെ.ബന്ധുക്കളുടെ കല്യാണം, തെയ്യം കെട്ട്, വീട്ടിലെ മറ്റ് പ്രധാന ചടങ്ങുകള്‍ എന്നിവയ്ക്കൊന്നും ഒരേ ഇല്ലത്ത് നിന്ന് കല്യാണം കഴിച്ചവര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ല.
സമുദായ മാനദണ്ഡം ലംഘിച്ച് വിവാഹം; പിതാവിന്‍റെ കര്‍മ്മങ്ങള്‍ നടത്താന്‍ പോലും അനുവദിക്കാതെ യുവാവിന് ഭ്രഷ്ട്
പിതാവ് മരിച്ചപ്പോള്‍ കര്‍മ്മം നടത്താന്‍ അനുവദിക്കാതെ യുവാവിന് ക്ഷേത്ര കമ്മിറ്റിയുടെ വിലക്ക്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി പ്രിയേഷിനാണ് ദുരനുഭവമുണ്ടായത്. സമുദായ മാനദണ്ഡം ലംഘിച്ച് വിവാഹം കഴിച്ചതാണ്, ഭ്രഷ്ട് കല്‍പ്പിക്കാന്‍ കാരണം. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ബാലന്‍ കൂട്ടായിക്കാരന്‍ തിങ്കളാഴ്ചയാണ് മരിച്ചത്. എന്നാല്‍ മരണാനന്തര കര്‍മ്മം നടത്തേണ്ട ഏക മകന്‍ പ്രിയേഷിനെ അതിന് അനുവദിച്ചില്ലെന്നാണ് പരാതി.
സമുദായ മാനദണ്ഡം ലംഘിച്ച് ഒരേ ഇല്ലത്ത് നിന്ന് കല്യാണം കഴിച്ചതാണ് ഭ്രഷ്ടിന് കാരണം. അജാനൂര്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്മാരും കമ്മിറ്റിയുമാണ് പ്രിയേഷിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രിയേഷ് പിതാവിന്‍റെ മൃതദേഹം കാണുന്നത് തടയാനും ശ്രമമുണ്ടായതായി യുവാവ് പരാതിപ്പെടുന്നു.
പ്രിയേഷിന് ഭ്രഷ്ട് കല്‍പ്പിച്ചതോടെ ബാലന്‍റെ സഹോദര പുത്രന്‍ അജീഷാണ് കര്‍മ്മങ്ങള്‍ ചെയ്തത്. എന്നാല്‍ പൂര്‍വികന്മാരുടെ ചര്യയാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് സ്ഥാനികന്മാര്‍ വിശദീകരിക്കുന്നത്. സംഭവത്തേക്കുറിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ് പ്രിയേഷ്.
മകൻ മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചു, കരിവെള്ളൂരിൽ പൂരക്കളി കലാകാരനെ വിലക്കി ക്ഷേത്രക്കമ്മിറ്റി
മകൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചതിന് കണ്ണൂർ കരിവെള്ളൂരിൽ പൂരക്കളി മറത്തുകളി കലാകാരനെ വിലക്കി ക്ഷേത്രം കമ്മറ്റി. 37 വർഷമായി അനുഷ്ഠാന കലാരംഗത്തുള്ള വിനോദ് പണിക്കരെയാണ് നേരത്തെ നിശ്ചയിച്ച പരിപാടിയിൽ നിന്നും മാറ്റി മറ്റൊരാളെക്കൊണ്ട് ചെയ്യിച്ചത്. ആചാരത്തിന് കളങ്കം വരുന്നതിനാലാണ് തീരുമാനമെന്നും മറ്റുള്ളവർ ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നുമാണ് കരിവെള്ളൂർ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മറ്റിയുടെ നിലപാട്. 37 കൊല്ലമായി അനുഷ്ഠാന കലയെ നെഞ്ചേറ്റിയ പണിക്കർക്കായിരുന്നു കഴിഞ്ഞ തവണത്തെ പൂരക്കളി അക്കാദമി മറത്തുകളി പുരസ്കാരം. വിനോദ് പണിക്കർ ഇന്ന് വിങ്ങലും വിതുമ്പലുമായി കഴിയുകയാണ്. മകൻ മതം മാറി കല്യാണം കഴിച്ചതിന് കരിവെള്ളൂർ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്ര ഭാരവാഹികൾ മറത്തു കളിയിൽ നിന്ന് വിലക്കി. പകരം മറ്റൊരാളെ ഏൽപിച്ച് കളി നടത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam