
തിരുവനന്തപുരം: സ്ത്രീധന പീഡന പരാതിയുമായി എത്തിയ യുവതിയെ പൊലീസ് നടപടിയെടുക്കാതെ മടക്കിയയച്ചെന്ന് ആരോപണം. കഴക്കൂട്ടം പൊലീസിനെതിരെയാണ് ആരോപണം. ഗാർഹിക പീഡനം ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിച്ചത്. ജാതി അധിക്ഷപം നേരിട്ടെന്ന് പറഞ്ഞിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു.
ഭർത്താവ് വീട്ടിലില്ലാത്ത സമയങ്ങളിൽ ഭർത്തൃ മാതാവും ഭർത്തൃ സഹോദരിയും അവരുടെ ഭർത്താവും ചേർന്ന് തന്നെ പീഡിപ്പിക്കാറുണ്ടെന്നാണ് മിശ്രവിവാഹിതയായ യുവതി പറയുന്നത്. ഒന്നര വർഷം മുമ്പാണ് മുസ്ലീം സമുദായത്തിൽ പെട്ട യുവതി ഹിന്ദു സമുദായത്തിലുള്ളയാളെ വിവാഹം ചെയ്തത്. ജാതി അധികേഷവും സ്ത്രീധന പീഡനവുമാണ് തനിക്കെതിരെ നടക്കുന്നതെന്ന് യുവതി പറയുന്നു. ഇതു സംബന്ധിച്ച പരാതിയുമായി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ രണ്ടു മൂന്നു തവണ പോയി. ഒത്തുതീർപ്പിന് ശ്രമിക്കാം എന്നായിരുന്നു പൊലീസിന്റെ പ്രതികരണം. പരാതി സ്വീകരിക്കാനോ തന്റെ മൊഴിയെടുക്കാനോ പൊലീസ്സം തയ്യാറായില്ലെന്നും യുവതി പറയുന്നു. കുടുംബവഴക്കും സ്വത്തുതർക്കവും മാത്രമാണെന്ന നിലപാടിലാണ് പൊലീസ്.
ചെങ്കോണുകോണത്താണ് സംഭവം. ഇവിടുത്തെ ചില പൊതുപ്രവർത്തകരും വിഷയത്തിൽ ഇടപെട്ടിരുന്നു. പൊലീസ് കമ്മീഷണറെ ബന്ധപ്പെട്ട ജി വിനോദ് എന്ന പൊതുപ്രവർത്തകന് കിട്ടിയ മറുപടി യുവതിയോട് വെള്ള പേപ്പറിൽ എഴുതി പരാതി നൽകാൻ പറയൂ എന്നായിരുന്നു. യുവതി സ്റ്റേഷനിൽ നേരിട്ടെത്തിയിരുന്ന സമയത്താണ് ഈ പ്രതികരണം. മർദ്ദനമേറ്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി മൊഴി നൽകാനെത്തിയ യുവതിയോട് പരാതി എഴുതി നൽകാൻ പറഞ്ഞതിലെ സാംഗത്യവും പൊതുപ്രവർത്തകർ ചോദ്യം ചെയ്യുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam