
മലപ്പുറം: പികെ ഫിറോസിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ഇഡിക്ക് പരാതി. സിപിഎം പ്രാദേശിക നേതാവും മലപ്പുറം നെടുവ സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എ.പി മുജീബാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ഫിറോസിനെതിരെ പരാതി നൽകിയത്. കെടി ജലീലിന്റെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ യുവജന വിഭാഗമായ മുസ്ലിംയൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ ധനസമ്പാദനവും അതിശയിപ്പിക്കുന്ന സാമ്പത്തിക വളർച്ചയും പൊതുഫണ്ട് ദുർവിനിയോഗം ചെയ്തും നാട്ടിലെ സമ്പന്നരുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തു കൊണ്ടാണെന്ന് തവനൂർ എംഎൽഎ കെ ടി ജലീൽ പത്രസമ്മേളനം നടത്തി പറഞ്ഞിരിക്കുകയാണ്. പ്രത്യക്ഷത്തിൽ ഒരു ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ലാത്ത പി.കെ ഫിറോസ് ഇന്നൊരു ലക്ഷപ്രഭുവാണ്. ഒറ്റക്കും കൂട്ടായും പല കച്ചവട സംരഭങ്ങളിലും അദ്ദേഹം പങ്കാളിയാണ്. കോഴിക്കോട്ട് ടാഗോർ സെൻ്റിനറി ഹാളിനടുത്ത് സംസം ഹോട്ടലിനു മുകളിൽ പഴയ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം വാടകക്കെടുത്ത് ലക്ഷങ്ങൾ മുടക്കി പുനരുദ്ധരിച്ചാണ് തൻ്റെ "Bluefin" (ട്രാവൽ ഏജൻസിയുടെ ഓഫീസ് അദ്ദേഹം ആരംഭിച്ചത്. കോടികൾ നിക്ഷേപം ആവശ്യമായ "BlueFin" വില്ലാ പ്രൊജക്ട് എന്ന മറ്റൊരു സംരഭവും ഫിറോസിന്റേതായി കോഴിക്കോട്ട് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ പത്തിരുപത് വർഷങ്ങൾക്കിടയിൽ മുസ്ലിം ലീഗിൻ്റെ വിദ്യാർത്ഥി സംഘടനയായ MSF-ൻ്റെ സെക്രട്ടറിയും അദ്ധ്യക്ഷനും പിന്നീട് യൂത്ത് ലീഗിൻ്റെ ജനറൽ സെക്രട്ടറിയുമായാണ് ടിയാൻ "സേവനം" ചെയ്തിരുന്നത്. സംഘടനാ കാര്യങ്ങൾക്കായി നടത്തുന്ന പിരിവുകളിൽ വ്യാപകമായി കൃത്രിമം നടത്തിയാണ് പി.കെ ഫിറോസ് തന്റെ കച്ചവട സ്ഥാപനങ്ങൾക്ക് പണം കണ്ടെത്തിയത് എന്ന ആക്ഷേപം യൂത്തുലീഗുകാർക്കിടയിൽ വ്യാപകമാണ്.
എംഎസ്എഫ് ഭാരവാഹിയായിരിക്കെ, ലക്ഷങ്ങൾ വിലവരുന്ന 15 സെൻ്റ് സ്ഥലം കുന്നമംഗലം വില്ലേജിൽ 2011-ലാണ് വയനാട് റോഡിൽ പതിമംഗലത്ത് അദ്ദേഹം സ്വന്തമാക്കിയത്. ഒരു കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിച്ച ആഡംബര വീടുണ്ടാക്കാനും ടിയാന് എവിടെ നിന്നാണ് പണം ലഭിച്ചത് എന്ന കാര്യം നാട്ടുകാർക്ക് പോലും ദുരൂഹമാണ്.
"Fortune House General Trading L.L.C" ദുബായിയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പി.കെ ഫിറോസ് 21.03.2024 മുതൽ സെയ്ൽസ് മാനേജരായി പ്രവർത്തിക്കുന്നു എന്നതിൻ്റെ രേഖകൾ ലഭ്യമായിട്ടുണ്ട്. ഒരുമാസം ഏകദേശം അഞ്ചേകാൽ ലക്ഷം ഇന്ത്യൻ രൂപയാണ് മാസ ശമ്പളവും യാത്രാ ചെലവുമായി ഫിറോസിന് കിട്ടുന്നത് എന്ന് തെളിയിക്കുന്ന വർക്ക് എഗ്രിമെന്റ്റിന്റെ കോപ്പി കെ ടി ജലീൽ എംഎൽഎ പുറത്തുവിട്ടിട്ടുണ്ട്. ദുബായിയിലെ "Fortune House General Trading" എന്ന സ്ഥാപനത്തിൽ ഫിറോസിനുള്ള ഓഹരിയുടെ ഡിവിഡന്റാണ് ഓരോ മാസവും അദ്ദേഹത്തിന് ലഭിക്കുന്ന ഈ അഞ്ചേകാൽ ലക്ഷം അഥവാ 22000 യു.എ.ഇ ദിർഹം. UAE യിലെ ബാങ്ക് അക്കൗണ്ട് മുഖേന കോടികളുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഭീമമായ ഈ മാസശമ്പള കണക്ക്. റിവേഴ്സ് ഹവാല വഴി കത്വ-ഉന്നാവോ പെൺകുട്ടികൾക്കായി പിരിച്ചു കിട്ടിയതിൽ നിന്ന് ഭീമമായ സംഖ്യയും, ദോത്തി ചാലഞ്ചി'ലൂടെ ശേഖരിച്ചതിൽ നിന്ന് കോടികളും ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് കെ ടി ജലീൽ എംഎൽഎ ആരോപിച്ചത്.
മുസ്ലിം യൂത്ത് ലീഗിന് സംഭാവന എന്ന പേരിൽ 500 രൂപ വിലയിട്ട് രണ്ടു വർഷം മുമ്പ് "ദോത്തി ചാലഞ്ച്" എന്ന പേരിൽ 2,72,000 മുണ്ടുകളാണ് കീഴ് കമ്മിറ്റികൾ മുഖേന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിതരണം ചെയ്തിരുന്നു. 500 രൂപയുടെ തുണിയെന്നാണ് ഫിറോസ് സഹപ്രവർത്തകരെ പറഞ്ഞു വിശ്വസിപ്പിച്ചത്. എന്നാൽ 200 രൂപ പോലും മൊത്തത്തിൽ എടുക്കുമ്പോൾ വില വരാത്ത തുണികളാണ് 600 രൂപക്ക് തങ്ങളെ കൊണ്ട് വിറ്റഴിപ്പിച്ച് നാട്ടുകാരുടെ മുന്നിൽ അപമാനിതരാക്കിയത് എന്ന ആക്ഷേപം ഒട്ടുമിക്ക യൂത്ത് ലീഗ് ശാഖാ കമ്മിറ്റികളും അന്നു തന്നെ ഉന്നയിച്ചിരുന്നു. ഒരു യുഗ്ലീഗ് നേതാവാണ് രണ്ടു തവണ അലക്കിയപ്പോഴേക്ക് കളർ മങ്ങിയ ആ തുണി എന്നെ ഏൽപ്പിച്ചത്. ഫിറോസ് തുണി മില്ലുമായി നടത്തിയ "ഡീൽ" പുറത്തു കൊണ്ടുവരണമെന്നും വേദനയോടെ അദ്ദേഹം പറഞ്ഞു. ആ തുണി പരിശോധനക്കായി പ്രസ് ക്ലബ്ബിന്റെ ഭാരവാഹികൾക്ക് കൈമാറുകയാണ്. രണ്ടു ലക്ഷം തുണികൾ ദോതി ചാലഞ്ചിൽ വിൽക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ 2,72,000 തുണികൾ വിറ്റ് റിക്കോർഡ് ഇട്ടു എന്ന് യൂത്ത് ലീഗ് നേതാക്കൾ തന്നെ അന്ന് അവകാശപ്പെട്ടിരുന്നു 600 രൂപ നിരക്കിൽ 2.12,000 ദോതികൾ വിറ്റാൽ 16 കോടി 32 ലക്ഷം രൂപയാണ് കിട്ടുക. സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത്-ശാഖാ കമ്മിറ്റികൾക്ക് 20 രൂപ വീതം 100 രൂപയാണ് ചാലഞ്ചിൽ നിന്ന് നിശ്ചയിച്ചിരുന്നത്. ആ ഇനത്തിൽ 2 കോടി 72 ലക്ഷം രൂപയാണ് കിട്ടിയത്. ഇതിൽ 54 ലക്ഷത്തി 40-തിനായിരം രൂപ സംസ്ഥാന കമ്മിറ്റിക്ക് മാത്രമായി സ്വന്തമാക്കാനായി. തുണി ഒന്നിന് 200 രൂപ Whole Sale വില കൂട്ടിയാൽ മില്ലുകാർക്ക് കൊടുത്തിട്ടുണ്ടാവുക 5 കോടി 44 ലക്ഷം രൂപ. ദോതി ചാലഞ്ചു വഴി സ്വരൂപിച്ച 16 കോടി 32 ലക്ഷം രൂപയിൽ 8 കോടി 16 ലക്ഷം രൂപക്ക് കണക്കില്ലെന്നാണ് കെ ടി ജലീൽ പറയുന്നത്. കോടികളുടെ ജി എസ് ടി തട്ടിപ്പ് തുണി ചലഞ്ച് നടത്തിയതിൽ ഉണ്ടായിട്ടുണ്ട് എന്നും കെ ടി ജലീൽ പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്.
ഇങ്ങിനെ ഫണ്ട് മുക്കി ദുബായിയിലേക്ക് റിവേഴ്സ് ഹവാല വഴി എത്തിച്ച പണം നിക്ഷേപിച്ചാണോ "Fortune House General Trading" തുടങ്ങിയതെന്ന് അന്വേഷിക്കണം. 2021-ൽ ഫിറോസ് കേരള നിയമ സഭയിലേക്ക് മൽസരിച്ചപ്പോൾ ഏതാണ്ട് 25 ലക്ഷത്തോളം തനിക്ക് ബാദ്ധ്യതയുണ്ടെന്നാണ് സത്യവാങ്ങ്‌മൂലം നൽകിയത്. അന്ന് കടക്കാരനായ ഫിറോസ് 2024 ആയപ്പോഴേക്ക് മാസം അഞ്ചേകാൽ ലക്ഷം രൂപ "ശമ്പളം" ലഭിക്കുന്നവനായി മാറിയത് എങ്ങിനെയെന്നും കെ ടി ജലീൽ എംഎൽഎ ചോദിക്കുന്നുണ്ട്
പാലക്കാട് ജില്ലയിലെ കൊപ്പത്ത് "Yummy Fried Chicken" എന്ന സ്ഥാപനത്തിൻ്റെ ഫ്രാഞ്ചൈസി ഫിറോസ് തുടങ്ങിയത് വെള്ളടത്ത് മുഹമ്മദ് അഷറഫ്, വെള്ളടത്ത് ഹൗസ്, നിയർ ടോൾ ബൂത്ത്, പി.ഒ തിരുനാവായ എന്ന പുത്തൻ പണക്കാരനായ ബിനാമിയെ വെച്ചാണ്. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. കൊപ്പത്തെ ഷോപ്പിൻ്റെ കെട്ടിട ഉടമയുമായി സംസാരിച്ചതും പഞ്ചായത്തിൽ പോയി ലൈസൻസ് ശരിയാക്കിയതും ഉദ്ഘാടനത്തിന് ആളുകളെ ക്ഷണിച്ചതുമെല്ലാം ഫിറോസാണെന്ന് കൊപ്പത്തെ ആരോട് ചോദിച്ചാലും അറിയാം. അവിടെ നിന്നുള്ള യൂത്ത് ലീഗ് പ്രവർത്തകരാണ് ഇക്കാര്യങ്ങൾ എന്നെ അറിയിച്ചത്. കോഴിക്കോട് ഹൈലൈറ്റ് "Yummi Fried Chicken" ഫ്രാഞ്ചൈസിയിലും ഫിറോസിന് ഷെയറുള്ളതായി ആരോപണമുണ്ട്. അതിന്റെ ലൈസൻസിയുടെ പേര് വിവരം കോർപ്പറേഷൻ ഓഫീസിൽ നിന്നും ലഭിക്കും.
അതിന്റെ ലൈസൻസിയുടെ പേരു വിവരം കോർപ്പറേഷൻ ഓഫീസിൽ നിന്നും ലഭിക്കും. പ്രസ്തുത ലൈസൻസി ഫിറോസിന്റെ മറ്റൊരു ബിനാമിയാണ് എന്നും കെ ടി ജലീൽ എംഎൽഎ പറയുന്നുണ്ട്. രണ്ടാഴ്ചയോളമായി കേരളത്തിൽ പത്രസമ്മേളനത്തിലും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും ഈ വിഷയം നിരന്തരമായി ഉന്നയിച്ചു കൊണ്ടിരിക്കുന്നു. വളരെ ഗുരുതരമായ കാര്യങ്ങളാണ് കേരള നിയമസഭാംഗം കൂടി ആയിട്ടുള്ള കെ ടി ജലീൽ ഉന്നയിച്ചിട്ടുള്ളത്. അദ്ദേഹം പറയുന്ന കാര്യങ്ങളിൽ സാക്ഷികളും തെളിവുകളും കയ്യിലുണ്ട് എന്നും പറയുന്നുണ്ട്. കെട്ടി ജലീലിനെ സാക്ഷിയാക്കി കൊണ്ട് അദ്ദേഹത്തിന്റെ കയ്യിലുള്ള തെളിവുകൾ ശേഖരിച്ച് കേസ് രജിസ്റ്റർ ചെയ്തു ഈ വിഷയത്തിൽ ഒരു അന്വേഷണം നടത്തണം. പി കെ ഫിറോസ് സാമ്പത്തിക കുറ്റകൃത്യം നടത്തിയിട്ടുണ്ടെങ്കിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും താല്പര്യപ്പെടുന്നു.