ഡെപ്പോസിറ്റുമില്ല,വണ്ടിചെക്കിലും നടപടിയില്ല; സ്പീക്കറുടെ സഹോദരന് വഴി വിട്ട സഹായവുമായി കോഴിക്കോട് കോർപറേഷൻ

By Web TeamFirst Published Nov 8, 2022, 6:33 AM IST
Highlights

ഷെല്‍ട്ടറുകള്‍ 10 വർഷത്തേക്ക് പരിപാലിക്കാൻ ഡെപ്പോസിറ്റ് ഇനത്തിൽ 5.72 ലക്ഷം രൂപയായിരുന്നു കോർപ്പറേഷന് നൽകേണ്ടത്. എന്നാൽ ഒരു രൂപ പോലും കോർപ്പറേഷന് കിട്ടിയിട്ടില്ല. കൗൺസിലിൽ എതിർപ്പ് രൂക്ഷമായപ്പോൾ കോർപറേഷൻ നോട്ടീസയച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂലൈയിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും  പണമില്ലാതെ ചെക്ക് മടങ്ങി


കോഴിക്കോട് : സ്പീക്കർ എ എൻ ഷംസീറിന്‍റെ സഹോദരൻ എ എൻ ഷാഹിറിന് കോഴിക്കോട് കോർപറേഷൻ നല്‍കിയ വഴിവിട്ട സഹായങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്. ബസ് വെയ്റ്റിംഗ് ഷെൽട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുളള കരാറെടുത്ത ഷാഹിർ രണ്ടുവർഷം കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് തുക അടച്ചിട്ടില്ല. ഷാഹിര്‍ നല്‍കിയ ചെക്ക് മടങ്ങിയിട്ടും കോര്‍പറേഷന്‍ നിയമ നടപടി സ്വീകരിച്ചിട്ടുമില്ല.

എഎന്‍ ഷാഹിര്‍ പാര്‍ട്ണര്‍ ആയ സ്ഥാപനം കോഴിക്കോട് സൗത്ത് ബീച്ചില്‍ നടത്തിയ നടത്തിയ അനധികൃത നിർമ്മാണം വിവാദമായിരിക്കെയാണ് നേരത്തെ കോർപ്പറേഷൻ ഇതേ വ്യക്തിക്ക് നല്‍കിയ മറ്റ് സഹായങ്ങളുടെ തെളിവുകൾ പുറത്തുന്നത്. 2020ലാണ് നഗരത്തിലെ 32 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം, പരിപാലനം എന്നിവയ്ക്കായി എ എൻ ഷാഹിര്‍ കരാറേറ്റെടുത്തത്.11 ഇടത്തെ ഷെല്‍ട്ടറുകള്‍ 10 വർഷത്തേക്ക് പരിപാലിക്കാൻ ഡെപ്പോസിറ്റ് ഇനത്തിൽ 5.72 ലക്ഷം രൂപയായിരുന്നു കോർപ്പറേഷന് നൽകേണ്ടത്. എന്നാൽ രണ്ടുവർഷമായിട്ടും ഈയിനത്തില്‍ ഒരു രൂപ പോലും കോർപ്പറേഷന് കിട്ടിയിട്ടില്ല. 

ഡെപ്പോസിറ്റ് തുക നൽകാതെ കരാർ തുടരുന്നതിനെതിരെ കൗൺസിലിൽ എതിർപ്പ് രൂക്ഷമായപ്പോൾ കോർപറേഷൻ നോട്ടീസയച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂലൈയിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നല്‍കി. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങി. ഇതിനിടെ, ഷാഹിർ ഏറ്റെടുത്ത പ്രവർത്തികളുടെ ചുമതല മറ്റൊരു വ്യക്തിക്ക് കൈമാറുകയും ചെയ്തു.

ഡെപ്പോസിറ്റ് തുക ഒടുക്കിയില്ലെങ്കിൽ കരാർ റദ്ദാക്കാൻ വ്യവസ്ഥയുണ്ടെന്നിരിക്കെയാണ് സിപിഎം നേതൃത്വത്തിലുളള കോര്‍പറേഷന്‍ ഷംസീറിന്‍റെ സഹോദരനായി കണ്ണടച്ചത്. എന്നാല്‍ ഡെപ്പോസിറ്റ് തുക നൽകിയിട്ടില്ലെങ്കിലും പരിപാലന ചെലവിനത്തിൽ പത്തുലക്ഷത്തിലേറെ രൂപ ഷാഹിർ അടച്ചെന്നാണ് കോര്‍പറേഷന്‍റെ വിശദീകരണം. ചെക്ക് മടങ്ങിയ കാര്യത്തിലുളള തുടര്‍നടപടികള്‍ ഉടൻ തീരുമാനിക്കമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.

'എഎൻ ഷംസീറിന്‍റെ സഹോദരൻ എഎന്‍ ഷാഹിര്‍ കോഴിക്കോട് സൗത്ത് ബീച്ചില്‍ അനധികൃത നിർമാണം നടത്തി'; കോൺഗ്രസ് പ്രതിഷേധം

click me!