
തിരുവനന്തപുരം: ആദ്യം നീണ്ട നാളത്തെ പ്രണയം. പിന്നീട് പ്രണയ സാഫല്യമായി വിവാഹ നിശ്ചയം വരെ എത്തി. ഒടുവിൽ നിനക്ക് പോയി ചത്തൂടെ എന്ന് പ്രിയപ്പെട്ടവളുടെ ചോദ്യം. ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കൽ ശ്രമിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹന്‍ (23) ജീവനൊടുക്കിയതിനു പിന്നാലെ ഇയാളുമായി പ്രണയത്തിൽ ആയിരുന്ന പെൺകുട്ടിക്ക് എതിരെ ഗുരുതര ആരോപണങ്ങളും പരാതിയുമായി ബന്ധുക്കളും സുഹൃത്തുകളും.
ജനുവരി രണ്ടിനാണ് മിഥു മോഹനെ വഴുതൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി താരമായ മിഥു, ബോൾ ബാഡ്മിന്റണിലും ആർച്ചറിയിലും ദേശീയ തലം വരെ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം ധനുവച്ചപുരം വി ടി എം എൻ എസ് എസ് കോളേജിലെ പഠനത്തിന് ഇടയിൽ ആണ് യുവാവും നെയ്യാറ്റിൻകര സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നത്. അഞ്ച് വർഷത്തെ പ്രണയം ഇരു വീട്ടുകാരുടെയും സമ്മതത്തോടെ 2024 നവംബർ മാസം വിവാഹം നടത്താം എന്നുള്ള ധാരണയിൽ വരെ എത്തി നിൽക്കുമ്പോഴാണ് യുവാവിന്റെ ആത്മഹത്യ.
മിഥു മോഹൻറെ 3 പേജുള്ള ആത്മഹത്യ കുറുപ്പിൽ പറയുന്നത് അനുസരിച്ച് ഐഫോണും ലാപ്ടോപ്പും ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് പെൺകുട്ടിക്ക് ഇയാൾ വാങ്ങി നൽകിയത്. പെൺകുട്ടി പിജി പഠനത്തിനായി പോയപ്പോൾ മുതലാണ് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത്. ഒരുമാസമായി യുവാവിനെ പെൺകുട്ടി പൂർണമായി ഒഴിവാക്കാൻ ശ്രമിച്ചതോടെ ഇയാൾ വിഷാദത്തിലേക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു.
ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം മിഥു പെൺകുട്ടിയെ വീട്ടിലെത്തി കണ്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പിന്നാലെ പോയ മിഥുവിൻറെ അമ്മ കണ്ടത് കരഞ്ഞ് കാലുപിടിച്ച് തന്നെ ഉപേക്ഷിക്കരുതെന്ന് പെൺകുട്ടിയോട് അപേക്ഷിക്കുന്ന മകനെ ആണ്. പക്ഷേ അതിനൊന്നും പെൺകുട്ടി വഴങ്ങിയില്ല എന്ന് പറയുന്നു. പിന്നീട് മിഥു മോഹനെ ഫോണിൽ വിളിച്ച പെൺകുട്ടി നീ ഇതുവരെ ചത്തില്ലേ എന്നും നിനക്ക് ചത്തൂടേ എന്നും ചോദിച്ചതായും ബന്ധുക്കൾ പറയുന്നു. യുവതിയുടെ അമ്മ നീ ചത്താലും ഞങ്ങൾക്ക് ഒന്നുമില്ല എന്ന് പറഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മിഥു ആത്മഹത്യ ചെയ്തത്. ക്ലബ്ബിനായി സ്ഥലം ആവശ്യം വന്നാൽ രണ്ട് സെൻറ് നൽകണമെന്നും തൻറെ ബാറ്റും ജേഴ്സിയും ഒന്നും കത്തിക്കരുതെന്നും അത് ക്ലബ്ബിൽ ഉള്ളവർക്ക് നൽകണമെന്നും ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് മിഥു ആത്മഹത്യ കുറുപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ഫെൻസിംഗ് പരിശീലിക്കുന്ന യുവതിയുടെ കഴിഞ്ഞ അഞ്ച് വർഷമായുള്ള പഠനചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് മിഥു മോഹനാണെന്ന് സുഹൃത്തുക്കൾ പറയുന്നു. യുവാവിന്റെ മൂന്നു പേജുള്ള ആത്മഹത്യ കുറുപ്പ്, ഇയാളുടെ മൊബൈലിലെ നോട്ട്സിൽ കുറിച്ച് വെച്ച കാര്യങ്ങളും ചേർത്ത് ബന്ധുക്കൾ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. #justice_for_midhumohan എന്ന ഹാഷ് ടാഗിൽ മിഥുവിന്റെ മരണത്തിൽ നീതി വേണമെന്ന ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ക്യമ്പയിൻ ആരംഭിച്ചിരിക്കുകയാണ് സുഹൃത്തുക്കൾ. എന്നെ അഞ്ചുവർഷം സ്നേഹിച്ച് പറ്റിച്ചതിന് ദൈവം നിനക്കുള്ളത് തരും. ഇപ്പൊൾ മിഥു ശരിക്കും പോകുന്നു.... അവളെ ഒന്നും ചെയ്യരുത്. അവൾ ജീവിക്കട്ടെ.. അവൾക്ക് ഉള്ളത് ദൈവം കൊടുക്കും. എന്നാണ് ആത്മഹത്യാ കുറിപ്പിൽ മിഥു കുറിച്ചത്.
പാലക്കാട് 10 ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam