
മലപ്പുറം: വ്യാജരേഖയുണ്ടാക്കി വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ത്തെന്ന പരാതിയിൽ മലപ്പുറം പുളിക്കലിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്. 16-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ ഒ നൗഫൽ മൂന്നാം പ്രതിയാണ്. സിപിഎം പ്രവർത്തകന്റെ മകളുടെ വോട്ടു ചേർക്കാൻ കൃത്രിമം കാട്ടിയെന്നാണ് പൊലീസിൽ ലഭിച്ച പരാതി.
എസ്എസ്എൽസി ബുക്കിലെ ജനന തീയതിയിൽ കൃത്രിമം കാട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 19-02-2007 എന്ന ജനന തീയതി 19-02-2006 തിരുത്തിയാണ് വോട്ടർ പട്ടികയിൽ പേരുചേര്‍ത്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 01-01-2025ന് 18 വയസ്സ് തികയണമായിരുന്നു. കേസിൽ പെൺകുട്ടി ഒന്നാം പ്രതിയും അച്ഛൻ രണ്ടാം പ്രതിയുമാണ്. സ്ഥാനാര്‍ത്ഥി കെ ഒ നൗഫൽ ആണ് മൂന്നാം പ്രതി.
തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെ കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. സിപിഎം പ്രാദേശിക നേതാവ് ബിജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. സംഘം ചേർന്ന് കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ കയ്യേറ്റം ചെയ്തത്.
കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങ് സെന്റ് മേരീസ് ചർച്ച് ബൂത്തിൽ ഇന്നലെയായിരുന്നു സംഭവം. ക്യാമറമാൻ കൃഷ്ണ കുമാറിനെ മർദിച്ച സംഘം ക്യാമറ തകർത്തു. റിപ്പോർട്ടർ അശ്വിൻ വല്ലത്തിന് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. മറ്റു മാധ്യമ പ്രവർത്തകരെയും സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വോട്ട് ചെയ്തു പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. ഇത് റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു കയ്യേറ്റം.
സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പ്രവർത്തകരെത്തി മാധ്യമപ്രവർത്തകരെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. ബൂത്തിനടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധവുമായി എത്തിയത്. ട്വന്‍റി-ട്വന്‍റിക്കെതിരെ എൽഡിഎഫ്-യുഡിഎഫ് സഖ്യമാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പോലും മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സാബു എം ജേക്കബ് ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് വളരെ മോശം ഭാഷയിൽ പ്രതിഷേധക്കാര്‍ പ്രതികരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam