
കട്ടപ്പന: ഇടുക്കി കട്ടപ്പന ഗവണ്മെന്റ് കോളേജിലും (Kattappana Government College) കെ എസ് യു (KSU) പ്രവർത്തകരെ എസ്എഫ്ഐക്കാർ (SFI) മർദിച്ചതായി പരാതി. കെ എസ് യുവിന്റെ ചെയർമാൻ സ്ഥാനാർഥി ബാസിൽ, കൗണ്ടിങ് ഏജന്റ് ഗായത്രി എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ കോളേജ് തെരഞ്ഞെടുപ്പിന് ഇടയിൽ ആയിരുന്നു മർദ്ദനം.
തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ - കെ എസ് യു ഉണ്ടായത് വലിയ ചർച്ചയാവുന്നതിനിടെയാണ് കട്ടപ്പനയിൽ നിന്നും സമാന രീതിയിലുള്ള വാർത്ത പുറത്തു വരുന്നത്. എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടം ചേർന്ന് വലിച്ചിഴച്ചു ക്രൂരമായി മർദിച്ചെന്നും, പൊലീസ് നോക്കിനിന്നെന്നും തിരുവനന്തപുരം ലോ കോളേജിൽ ആക്രമണത്തിനിരയായ കെഎസ്‍യു പ്രവർത്തക സഫ്ന പറഞ്ഞത്. കോളേജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മർദനത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ 2 കേസുകളും, എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പേരിൽ ഒരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു.
ലോ കോളേജിൽ ഇന്നലെ കൂട്ടം ചേർന്നുണ്ടായ ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തിൽ നിന്നല്ലെന്നു വ്യക്തമാക്കുകയാണ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന. എസ്എഫ്ഐയിൽ നിന്ന് മുൻപും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അന്നും നടപടികളുണ്ടായിട്ടില്ല. കൂട്ടം ചേർന്ന് ക്രൂരമായാണ് ആക്രമിച്ചതെന്നും സഫ്ന പറയുന്നു.
കോളേജിലെ സംഘർഷങ്ങൾക്ക് ശേഷം കെ എസ് യു പ്രവർത്തകരുടെ വീടുകൾ കയറി ഭീഷണിയും ആക്രമണവുമുണ്ടായി. ദേവനാരായണനെന്ന വിദ്യാർത്ഥിക്ക് കഴുത്തിനും, ജിയോ എന്ന വിദ്യാർത്ഥിക്ക് കാലിനും പരിക്കുണ്ട്. എസ്എഫ്ഐ ഭാരവാഹികൾ വരെ മർദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ദേവനാരായണൻ പറയുന്നു.
വിദ്യാർത്ഥികളെ വീട്ടിൽക്കയറി ആക്രമിച്ചതിന് 8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസാണ് കേസടുത്തത്. സഫ്നയെ ആക്രമിച്ചതിന് മയൂസിയം പൊലീസ് ഇന്നലെത്തന്നെ കേസെടുത്തിരുന്നു. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെയും ഇന്ന് കേസെടുത്തിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി പങ്കെടുത്ത പരിപാടി മദ്യപിച്ചെത്തി അലങ്കോലമാക്കാൻ ശ്രമിച്ചതാണ് എല്ലാത്തിനും കാരണമെന്നാണ് എസ്എഫ്ഐ വിശദീകരണം. സഫീനയെ ആരും ആക്രമിച്ചിട്ടില്ലന്നും എസ്എഫ്ഐ വിശദീകരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam