മാനന്തവാടിയിലും കിറ്റ് വിവാദം: ബത്തേരിക്ക് പിന്നാലെ മാനന്തവാടിയിലും കിറ്റ് വിതരണ നീക്കമെന്ന് പരാതി

By Web TeamFirst Published Apr 24, 2024, 11:49 PM IST
Highlights

സുൽത്താൻ ബത്തേരിയിൽ ഹോൾസെയിൽ കടയുടെ മുന്നിൽ നിന്ന് ലോറിയിൽ കയറ്റിയ നിലയിൽ ഏകദേശം 1500 ഓളം കിറ്റുകൾ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കൽപറ്റ: ബത്തേരിക്ക് പിന്നാലെ മാനന്തവാടിയിലും കിറ്റ് വിതരണ നീക്കമെന്ന് പരാതി ഉയരുന്നു. മാനന്തവാടി കെല്ലൂരിലാണ് കിറ്റുകൾ തയ്യാറാക്കിയെന്ന് ആരോപണം ഉയർന്നിരിക്കുന്നത്. ബിജെപി തയ്യാറാക്കിയ കിറ്റുകളെന്നാണ് എൽഡിഎഫും യുഡിഎഫും ആരോപിക്കുന്നത്. കെല്ലൂർ അഞ്ചാം മൈലിലെ സൂപ്പർമാർക്കറ്റിന് മുന്നിൽ യു‍ഡിഎഫ് പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. ഇവിടുത്തെ സൂപ്പർമാർക്കറ്റിനുള്ളിൽ കിറ്റുകൾ ഒരുക്കി വെച്ചിട്ടുണ്ടെന്നാണ് വിവരം. കടയുടെ അകത്തായതിനാൽ തുടർനടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ‌ പുറത്തുവരുന്നതേയുള്ളൂ. 

ഇന്ന് രാത്രിയാണ് വയനാട് ജില്ലയിലെ രണ്ട് സ്ഥലങ്ങളിൽ വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടി കിറ്റുകൾ ഒരുങ്ങി എന്ന വാർത്ത പ്രചരിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ ഹോൾസെയിൽ കടയുടെ മുന്നിൽ നിന്ന് ലോറിയിൽ കയറ്റിയ നിലയിൽ ഏകദേശം 1500 ഓളം കിറ്റുകൾ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇലക്ഷൻ ഫ്ലൈയിം​ഗ് സ്ക്വാഡ്, പൊലീസ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു കിലോ പഞ്ചസാര, ബിസ്കറ്റ്, റസ്ക്, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ് പൊടി, സോപ്പ്, വെറ്റില, അടക്ക, പുകയില, ചുണ്ണാമ്പ് എന്നിവയാണ് കിറ്റിലുള്ളത്. തുടർനടപടികൾ ഇവിടെ തുടരുകയാണ്. 

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!