
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ വീട് നഷ്ടപ്പെട്ടവരെ സർക്കാർ കൈവിട്ടെന്ന് പരാതി. ദുരന്തബാധിതർക്ക് താൽക്കാലികമായി താമസത്തിന് അനുവദിച്ച കെഎസ്ഇബി ക്വാർട്ടേഴ്സിൽ അടിസ്ഥാന സൗകര്യങ്ങളില്ല. ദുരന്തബാധിതർക്ക് അനുവദിച്ച ധനസഹായവും ഇതുവരെ നൽകിയിട്ടില്ല എന്നാണ് പരാതി. താൽക്കാലിക പുനരധിവാസമൊരുക്കിയിട്ടും തീരാ ദുരിതം ഇവരെ പിന്തുടരുകയാണ്. വീടുകൾ പൂർണമായി നഷ്ടപ്പെട്ടവർക്ക് നൽകിയ താൽക്കാലിക അഭയകേന്ദ്രത്തിലാണ് കഷ്ടപ്പാട്.
എട്ട് കുടുംബങ്ങളെയാണ് കത്തിപ്പാറയിലെ കെഎസ്ഇബി ക്വാട്ടേഴ്സിലേക്ക് മാറ്റിയത്. ചെറുമഴ പെയ്താൽ ചോർന്നൊലിക്കുന്ന മേൽക്കൂരയും അടച്ചുറപ്പില്ലാത്ത കെട്ടിടവുമാണ് അവസ്ഥ. ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ താൽക്കാലിക താമസമൊരുക്കിയത് അത്യാവശ്യ അറ്റകുറ്റപ്പണിപോലും പൂർത്തിയാക്കാതെയാണ്. അപകടത്തിൽ ഭർത്താവ് ബിജുവും ഒരു കാലും നഷ്ടപ്പെട്ട സന്ധ്യക്കുളള പുനരധിവാസമൊരുക്കിയതും ഇവിടെ തന്നെയാണ്. നേരെയൊരു നടവഴിപോലുമില്ലാത്ത സ്ഥലത്ത് എങ്ങിനെ കഴിയുമെന്നാണ് ഇവരുടെ ചോദ്യം. എട്ട് ക്വാട്ടേഴ്സുകളിൽ രണ്ടെണ്ണത്തിന് മാത്രമാണ് കാര്യമായ പ്രശ്നങ്ങളില്ലാത്തത്. ചോർച്ചതടയാൻ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയതൊഴിച്ചാൽ കാര്യമായ അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ല. എത്തിച്ചേരാനുളള വഴിയോ അടച്ചുറപ്പുളള കിടപ്പാടമോ ഇല്ലാതെ പ്രായമായവരുൾപ്പെടെ എങ്ങനെ കഴിയുമെന്നതാണ് ഇവിടെ ഉള്ളവരുടെ ചോദ്യം.