കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ പീഡനം: പരാതി പിൻവലിക്കാൻ സമ്മർദവും ഭീഷണിയുമെന്ന് യുവതിയുടെ ഭർത്താവ്

By Web TeamFirst Published Mar 23, 2023, 7:24 AM IST
Highlights

പരാതി പിൻവലിക്കണം, നഷ്ടപരിഹാരം തരാം എന്നാണ് പലരും വന്ന് പറയുന്നത്. ആശുപത്രി സൂപ്രണ്ടിന് ഭാര്യ പരാതി നൽകിയിട്ടുണ്ടെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദം.

 

കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്‍റെ സഹപ്രവർത്തകരായ വനിതാ ജീവനക്കാരാണ് സമ്മർദപ്പെടുത്തുന്നതെന്ന് യുവതിയുടെ ഭർത്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. സമ്മ‍ർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്ന് യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചു.

 

യുവതിയുടെ ഭർത്താവ് വ്യക്തമാക്കുന്നത് ഇങ്ങനെ:
മെഡിക്കൽ കോളേജിലെ ജീവനക്കാർ ഭാര്യയയെ മാനസികമായി ഉപദ്രവിക്കുന്നു. കേസിൽ ചർച്ച നടത്താം എന്നാണ് പറയുന്നത്. ഭാര്യക്ക് മാനസിക രോഗമുണ്ടെന്ന് പറഞ്ഞ് പരത്തുന്നു. 

റിപ്പോർട്ടർ - ആരാണ് നിങ്ങളെ സമീപിക്കുന്നത് ?

യുവതിയുടെ ഭർത്താവ്- അറ്റൻഡർ തസ്തികയിൽ ഉള്ളവരാണ്. വനിത ജീവനക്കാരാണ് സമീപിക്കുന്നത്.15 ഓളം ആളുകൾ രണ്ട് ദിവസമായി വരുന്നു.വാർ‍ഡിൽ വന്നാണ് സമ്മർദം. ജീവനക്കാർക്ക് ആശുപത്രിയിൽ എവിടെ വേണേലും വരാമല്ലോ

റിപ്പോർട്ടർ -എന്താണ് അവരുടെ ആവശ്യം ?

യുവതിയുടെ ഭർത്താവ്- പരാതി പിൻവലിക്കണം, നഷ്ടപരിഹാരം തരാം എന്നാണ് പറയുന്നത്. ആശുപത്രി സൂപ്രണ്ടിന് ഭാര്യ പരാതി നൽകിയിട്ടുണ്ട്

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളിൽ വച്ചാണ് ആശുപത്രി ജീവനക്കാരൻ വടകര സ്വദേശി ശശീന്ദ്രൻ പീഡിപ്പിച്ചതെന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചരാവിലെ ആറു മണിക്കും പന്ത്രണ്ട് മണിക്കും ഇടയിലാണ് യുവതി പീഡനത്തിനിരയായത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റൻഡറാണ്. ഇതിനു ശേഷം മടങ്ങിയ ഇയാൾ അൽപസമയം കഴിഞ്ഞു തിരികെവന്നാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതി. മറ്റൊരു രോഗി ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാരെല്ലാം അവിടെയായിരുന്നു. ശസ്ത്രക്രിയക്കു വേണ്ടി അനസ്തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോൾ വാർഡിലുണ്ടായിരുന്ന നഴ്സിനോട് കാര്യം യുവതി പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയായിരുന്നു.

click me!