
ആലപ്പുഴ: പുലിയൂരിൽ സിപിഎം പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിൽ വീട് കയറി മർദ്ദിച്ചതായി പരാതി. പരിക്കേറ്റ പുലിയൂർ സ്വദേശി ബിന്ദുവും മകളും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഇതുസംബന്ധിച്ച് അയൽവാസിയും പഞ്ചായത്തംഗവുമായ അമ്പിളിക്കെതിരെ ബിന്ദു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്രളയദുരിതാശ്വാസം പഞ്ചായത്ത് അംഗമായ അമ്പിളി ഇടപെട്ട് തടഞ്ഞുവെന്നാണ് ആരോപിച്ചാണ് ഇരുവരും തമ്മിൽ തർക്കമുണ്ടാകാറുള്ളത്. കളക്ടറേറ്റിൽ അപ്പീൽ നൽകി സഹായം വാങ്ങിയതോടെ അമ്പിളിക്ക് തന്നോട് വൈരാഗ്യമായതായി ബിന്ദു പരാതിയിൽ ആരോപിക്കുന്നു. കഴിഞ്ഞ കുറെ നാളുകളായി തന്‍റെ കുടുംബത്തെ അമ്പിളിയും കുടുംബവും ചേർന്ന് ഉപദ്രവിക്കുകയാണ്. ഏറ്റവും ഒടുവിലായി അമ്പിളിയും ഭർത്താവും മകനും ചേർന്ന് തന്റെ വീട് കയറി ആക്രമിക്കുകയായിരുന്നുവെന്നും ബിന്ദു പരാതിയിൽ വ്യക്തമാക്കി.
ഭർത്താവിനും ശാരീരിക വെല്ലുവിളി നേരിടുന്ന മകനും ആക്രമണത്തിൽ മർദ്ദനമേറ്റിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മകളെ അമ്പിളിയുടെ മകൻ ആക്രമിച്ചെന്നും പരാതിയുണ്ട്. അതേസമയം, ബിന്ദുവിന്‍റെ ആരോപണങ്ങൾ കളവാണെന്ന് പഞ്ചായത്തംഗമായ അമ്പിളി പറഞ്ഞു. പ്രളയദുരിതാശ്വാസം തടഞ്ഞിട്ടില്ലെന്നും തന്‍റെ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നും അമ്പിളി കൂട്ടിച്ചേർത്തു.
വീട് കയറി ആക്രമിച്ചതിന് ഇരുകൂട്ടർക്കുമെതിരെ ചെങ്ങന്നൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്. പ്രായപൂർത്തായകാത്ത മകളെ ആക്രമിച്ചെന്ന മൊഴി ബിന്ദു ആദ്യം നൽകിയില്ലെന്ന് ചെങ്ങന്നൂർ സിഐ പറഞ്ഞു. എന്നാൽ രാഷ്ട്രീയസ്വാധീനത്തിന് വഴങ്ങി പൊലീസ് കേസ് അട്ടിമറിക്കുകയാണെന്ന് ബിന്ദുവും കുടുംബവും ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam