കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആരോഗ്യനില തൃപ്‍തികരം

By Asianet MalayalamFirst Published Mar 13, 2020, 6:50 AM IST
Highlights

കൊവിഡ് 19 ബാധയുമായി കേരളത്തിലെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ കുടുംബം യാത്ര ചെയ്ത വിമാനത്തിൽ ഉണ്ടായിരുന്നയാള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. 

തൃശ്ശൂര്‍: കോവിഡ് 19 ബാധ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയായ രോഗിയുടെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ മൂന്നു ദിവസമായി രോഗിക്ക് ചുമയും പനിയും ജലദോഷവുമില്ലെന്ന് തൃശ്ശൂര്‍ ഡിഎംഒ അറിയിച്ചു. ആശുപത്രിയിലെത്തിക്കും മുന്‍പേ രോഗി എവിടെയൊക്കെ പോയി, ആരൊക്കെയായി ഇടപഴകി തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തി റൂട്ട് മാപ്പ് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

കൊവിഡ് 19 ബാധയുമായി കേരളത്തിലെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ കുടുംബം യാത്ര ചെയ്ത വിമാനത്തിൽ ഉണ്ടായിരുന്നയാള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. 21 വയസുള്ള യുവാവാണ് ഈ രോഗി. റാന്നിയിലെ കുടുംബത്തിന്‍റെ സമ്പര്‍ക്കപട്ടിക തയ്യാറാക്കിയപ്പോള്‍ ആണ് ഒപ്പം യാത്ര ചെയ്ത ഇയാളുടെ വിവരം ലഭിക്കുന്നത്. 

തുടര്‍ന്ന് തൃശൂരിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയെത്തുടർന്ന് ആളെ കണ്ടെത്തി ഐസലേഷനിൽ ആക്കുകയായിരുന്നു. മാർച്ച് 7നാണ് ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്ക് വിഭാഗത്തിൽ പെടുത്തി നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെയാണ് ഇയാള്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. 

click me!