സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ

Published : Feb 03, 2026, 08:46 AM IST
CJ Roy Death case twist

Synopsis

സി ജെ റോയിയുടെ മരണത്തിൽ പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കി. ആദായ നികുതി വകുപ്പിനെതിരായ കേസ് പിൻവലിച്ചതിലെ ദുരൂഹതയും മരണത്തിന് മുമ്പെഴുതിയ കുറിപ്പിലെ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നു. 

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി ജെ റോയിയുടെ മരണത്തിൽ വിശദാംശങ്ങൾ തേടി പ്രത്യേക സംഘം. ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്. ഡിസംബർ 16 നൽകിയ കേസ് 18ന് റോയ് പിൻവലിച്ചിരുന്നു. റോയിക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കും. ആദായ നികുതി വകുപ്പിൽ നിന്ന് കൂടുതൽ വിശദീകരണം തേടും. കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിയമോപദേശകരെയും എസ്ഐടി കാണും. റോയിയുടെ മരണത്തിൽ കടുത്ത വിമർശനം ഉയർത്തുകയാണ് വ്യവസായ ലോകം. ആദായ നികുതി വകുപ്പ് നടപടികൾക്കെതിരെ ബെംഗളൂരുവിലെ വ്യവസായികൾ രം​ഗത്തെത്തി. 'റോയിയുടെ ജീവൻ എടുത്തത് ടാക്സ് ടെററിസം' ആണെന്നാണ് ഇവർ ഉയർത്തുന്ന ആരോപണം. നിരവധി വ്യവസായികൾ സമാന വെല്ലുവിളി നേരിടുന്നുമെന്ന് വ്യവസായി ടി വി മോഹൻദാസ് പൈ ആരോപിക്കുന്നു. 'പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥരെ അഴിച്ചു വിടരുത്' എന്നാവശ്യപ്പെട്ട് മോഹൻദാസ് ധനമന്ത്രിയെയും പ്രധാനമന്ത്രിയെയും ടാഗ് ചെയ്ത് ട്വീറ്റിട്ടു.

അതേസമയം, റോയ് മരിച്ച സമയത്ത് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ ഉണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. റോയിയുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. റോയിയുടെ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്തെ സിസിടിവികൾ പ്രവർത്തനരഹിതമാക്കിയത് എന്തിനാണെന്നും ഉദ്യോഗസ്ഥർ ആരാഞ്ഞു. റോയിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായ പരിശോധനയും തുടങ്ങിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട റോയിയുടെ പ്രവർത്തനങ്ങളും പരിശോധിക്കുന്നുണ്ട്. സി ജെ റോയിയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജീവനൊടുക്കാൻ സി ജെ റോയ് നേരത്തെ തീരുമാനിച്ചിരുന്നു?

 സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്. മരണത്തിനു മുമ്പ്  തയ്യാറാക്കി വെച്ചിരുന്ന 9 പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് പരാമർശമുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു. അതേസമയം, കൊച്ചിയിൽ നിന്നെത്തിയ ആദായ നികുതി വകുപ്പുദ്യോഗസ്ഥർ ഡിസംബർ മൂന്നിന് നടത്തിയ റെയ്ഡിനെതിരെ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി റോയ് അപ്രതീക്ഷിതമായി പിൻവലിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യവും ഉയരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ
25000 ഏക്കർ റവന്യൂ ഭൂമി ഇവിടെയുണ്ട്, എയിംസ് ഇവിടെത്തന്നെ വരണം; ആവശ്യം ശക്തമാക്കി കാസർകോട്ടെ ജനകീയ സമിതി