
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘർഷത്തിനിടെ പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപന ദിവസമായ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കഴക്കൂട്ടം അമ്പലത്തിൻകരയിൽ ഉത്സവശേഷം കൂടിനിന്നവരെ പറഞ്ഞു വിടുന്നതിനിടെയാണ് പൊലീസിനെ ആക്രമിച്ചത്. സംഘം ചേർന്ന് മർദ്ദിച്ചതിനിടെ കമ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
ഉത്സവ ഡ്യൂട്ടിക്കായി എആർ ക്യാമ്പിൽ നിന്നെത്തിയ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് (35) തലയ്ക്ക് പരിക്കേറ്റത്. തലയ്ക്ക് മുറിവേറ്റ റിയാസിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് സംഭവ സ്ഥലത്തു നിന്നും ആറുപേരെ കസ്റ്റഡിയിലെടുത്തത്. പത്തുപേർക്കെതിരെയാണ് കേസെടുത്തത്.
കഴക്കൂട്ടം സ്വദേശികളായ വിവേക് (26), സനിൽ (28), ദീപു (27), വിദ്യാധരൻ (57), സജിത്ത് (39), അജിത്ത് (52) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. അതേസമയം, കേസിലെ മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും കഴക്കൂട്ടം പൊലീസ് പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam