
തിരുവനന്തപുരം: സംസ്ഥാനത്ത് ഇളവുകൾ സംബന്ധിച്ച് കൃത്യമായ മാർഗനിർദ്ദേശം പുറത്തിറക്കാത്തത് വലിയ ആശയകുഴപ്പം സൃഷ്ടിച്ചു. മുഖ്യമന്ത്രി ശനിയാഴ്ച പ്രഖ്യാപിച്ച ഇളവുകൾ സംബന്ധിച്ച കാര്യങ്ങൾ ഉത്തരവായി ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇളവുകൾ സംബന്ധിച്ച കാര്യങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.
കേന്ദ്രം പ്രഖ്യാപിച്ച എല്ലാ ഇളവുകളും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ശനിയാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ ഇത് വ്യക്തമാക്കി. മദ്യശാലകൾ തുറക്കില്ലെന്നും ഗ്രീൻ സോണിൽ പൊതുഗതാഗതം അനുവദിക്കില്ലെന്നും തുടങ്ങി നിരവധി കാര്യങ്ങളിൽ കേരളത്തിൽ പ്രത്യേക നിയന്ത്രണമുണ്ട്.
അതേസമയം കടകൾ തുറക്കുന്നത്, ഏതൊക്കെ വാഹനങ്ങൾ നിരത്തിലിറക്കാം, ഒറ്റ - ഇരട്ട അക്ക വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും ഇക്കാര്യങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ 30000 പേർ കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തിലേക്ക് തിരിച്ചെത്തിയെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഒരു ദിവസം 12500 പേർക്കാണ് കേരളത്തിലേക്ക് വരാൻ അനുവാദം ഉള്ളത്. എൻഒസി നിർബന്ധമാണ്. ആറ് അതിർത്തി ചെക്പോസ്റ്റുകൾ വഴിയാണ് ആളുകളെ കേരളത്തിലേക്ക് കടത്തിവിടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam