കേരളത്തിലെ കോൺ​ഗ്രസിൽ വൻ അഴിച്ചുപണി; എല്ലാ ഡിസിസികളും പുനസംഘടിപ്പിക്കും; ഇനി യുവനേതൃനിര?

By Web TeamFirst Published May 26, 2021, 11:27 AM IST
Highlights

താഴേത്തട്ട് മുതൽ തന്നെ അഴിച്ചുപണിയിലേക്ക് കോൺ​ഗ്രസ് പോകുകയാണ്.  മുഴുവൻ ഡിസിസി പ്രസിഡൻ്റുമാരെയും മാറ്റും.  കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ സ്ഥാനങ്ങളിലും പുതിയ ആളുകൾ വരും. 

ദില്ലി: കേരളത്തിലെ എല്ലാ ഡിസിസികളും പുന:സംഘടിപ്പിക്കാൻ എഐസിസിയുടെ തീരുമാനം. മുഴുവൻ ഡിസിസി പ്രസിഡൻ്റുമാരെയും മാറ്റും. ഒഴിയാൻ സന്നദ്ധത അറിയിച്ചവരോട് തൽക്കാലം തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം കൊടുത്തുള്ള നേതൃനിരയെ കൊണ്ടുവരാനാണ് എഐസിസി ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. 

താഴേത്തട്ട് മുതൽ തന്നെ അഴിച്ചുപണിയിലേക്ക് കോൺ​ഗ്രസ് പോകുകയാണ്. കെപിസിസി അധ്യക്ഷൻ,  യുഡിഎഫ് കൺവീനർ സ്ഥാനങ്ങളിലും പുതിയ ആളുകൾ വരും. ചില ഡിസിസി  പ്രസിഡന്റുമാർ രാജിസന്നദ്ധത അറിയിച്ചിരുന്നു. അവരോട് തൽക്കാലം തുടരാനുള്ള നിർദ്ദേശമാണ് എഐസിസി നൽകിയിരിക്കുന്നത്. 

ഇത്തവണത്തെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ ഘടകങ്ങൾക്കുൾപ്പടെ പ്രധാന പങ്കുണ്ടെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ എഐസിസിക്ക് നൽകിയ റിപ്പോർട്ടിലെ വിലയിരുത്തൽ. അഴിച്ചുപണി താഴേത്തട്ട് മുതൽ വേണമെന്ന ശുപാർശയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. ഈ റിപ്പോർട്ടിന്മേലാണ് ഡിസിസികൾ പുനസംഘടിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എഐസിസി എത്തിയത്. അശോക് ചവാൻ അധ്യക്ഷനായ സമിതി അടുത്ത ആഴ്ച കേരളത്തിലെത്തും. ഈ സമിതി തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം ജില്ലാ ഘടകങ്ങളുടെ വീഴ്ചയും വിലയിരുത്തും. 

മിക്ക ഡിസിസി പ്രസിഡന്റുമാരും നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത് എന്ന് വിലയിരുത്തലുണ്ടായിരുന്നു. പലയിടത്തും ഡിസിസി പ്രസിഡന്റുമാർ പക്ഷപാതചപരമായ സമീപനം സ്വീകരിച്ചു എന്ന് സ്ഥാനാർത്ഥികൾ തന്നെ ആക്ഷേപം ഉന്നയിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഇവർ ഇക്കാര്യം സംസ്ഥാന ഘടകത്തെയും എഐസിസി നേതൃത്വത്തെയുമൊക്കെ അറിയിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!