
തിരുവനന്തപുരം: കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗം പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന വനിതാ ദിന പരിപാടിയിൽ മുഖ്യാതിഥിയാകേണ്ടിയിരുന്നത് പത്മജാ വേണുഗോപാൽ. ഇതിനായി പത്മജയുടെ ചിത്രം വെച്ച പോസ്റ്ററുകൾ വരെ പതിച്ചു. തിരുവനന്തപുരം മാനവീയം വീഥിയിലാണ് പോസ്റ്ററുകൾ പതിച്ചത്. എന്നാൽ, അപ്രതീക്ഷിതമായി പത്മജ ബിജെപിയിൽ ചേർന്നതോടെ പോസ്റ്ററുകൾ നീക്കി. പത്മജക്ക് പകരം മുഖ്യാതിഥിയായി എഴുത്തുകാരി റോസ്മേരിയെ പങ്കെടുപ്പിക്കുമെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ പഴകുളം മധു അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പത്മജാ വേണുഗോപാല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപിയില്‍ ചേര്‍ന്നത്. അവര്‍ ലോക്സഭയില്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്മജയ്ക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിൽ സംസ്ഥാന ബിജെപിയിൽ എതിർപ്പ്. പാർട്ടിയിൽ ചേർന്നയുടൻ സ്ഥാനാർത്ഥിത്വം നൽകുന്നതിനോട് സംസ്ഥാന നേതൃത്വം കടുത്ത വിയോജിപ്പ് അറിയിച്ചെന്നാണ് സൂചന. നിലപാട് സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തു. പത്മജയ്ക്ക് അണികളുടെ പിൻബലമില്ലെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.
Read More.... 'ചാലക്കുടി ബിഡിജെഎസിന് തന്നെ'; മറിച്ചൊരു ചര്‍ച്ച ഉണ്ടായിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി
സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പത്മജയെ പാർട്ടിയിലെടുത്തതിലും സംസ്ഥാന നേതാക്കള്‍ക്ക് നീരസമുണ്ട്. ഈ കാരണത്താലാണ് പത്മജ ബിജെപിയിൽ ചേർന്ന ചടങ്ങിലേക്ക് സുരേന്ദ്രനെ ക്ഷണിച്ചെങ്കിലും പങ്കെടുത്തിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ അസൗകര്യം അറിയിച്ച് സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പത്മജയെ സ്വീകരിച്ച ചടങ്ങിൽ കേന്ദ്രമന്ത്രിമാർ പങ്കെടുക്കാത്തതും ചർച്ചയാകുന്നു. അനിൽ ആൻ്റണി, പി സി ജോർജ് എന്നിവരെ സ്വീകരിച്ച ചടങ്ങിൽ കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യമുണ്ടായിരുന്നു.